ചൈനീസ് വാക്‌സിൻ ലാബിൽ ചോർച്ച ഉണ്ടായി, മാരക ബാക്ടീരിയകൾ പുറത്തേക്ക്, ആയിരക്കണക്കിന് പേർക്ക് രോഗം.

ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ആനിമൽ ഹസ്ബന്ററി ലാൻസു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ വാക്സിൻ ലാബിലെ ചോർച്ചയെ തുടർന്ന് ആയിരക്കണക്കിന് പേർക്ക് ബാക്ടീരിയ രോഗം ഉണ്ടായതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. 2.9 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ലാൻസൂ നഗരത്തിലാണ് സംഭവം നടന്നിട്ടുള്ളത്. ലാൻസൂ നഗരത്തിലെ 3,245 പേർക്ക് ഇതുവരെ ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്ടീരിയ ബാധയേറ്റ മൃഗങ്ങളിൽ നിന്നോ അവയുടെ ഉല്പന്നങ്ങളിൽ നിന്നോ ആണ് ബ്രൂസെല്ലോസിസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. പനി, സന്ധിവേദന, തലവേദന, പേശീ വേദന, തളർച്ച തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ എന്നും,ഇതുവരെ മരണങ്ങൾ ഒന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിന് തെളിവില്ലെന്നാണ് ചൈനീസ് അധികൃതരും യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) യും പറയുന്നുണ്ട്. മാൾട്ട ഫീവർ, മെഡിറ്ററേനിയൻ ഫീവർ എന്നീ പേരുകളിലും ബ്രൂസെല്ലോസിസ് രോഗം അറിയപ്പെടുന്നുണ്ട്. രോഗം ചിലർക്ക് ഏറെ നാൾ നീണ്ടു നിന്നേക്കാം, ചിലക്കാകട്ടെ ഒരിക്കലും വിട്ടുമാറാത്തതോ ആവർത്തിച്ച് വരുന്നതോ ആയ ആർത്രൈറ്റിസ്, ചില അവയവങ്ങളിൽ വീക്കം എന്നിവ ഉണ്ടാകാമെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) പറയുന്നു.
മൃഗങ്ങൾക്കുള്ള ബ്രൂസെല്ലാ വാക്സിനുകളുടെ നിർമാണമായിരുന്നു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ നടന്നു വന്നിരുന്നത്. എന്നാൽ കാലാവധി കഴിഞ്ഞ അണുനാശിനികൾ ഉപയോഗിച്ചതിനാൽ കഴിഞ്ഞ വർഷം ജൂലായ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്ലാന്റിൽ നിന്നും പുറത്തേക്ക് പോയ പുകയിലൂടെ നശിപ്പിക്കപ്പെടാത്ത ബാക്ടീരിയകൾ പുറത്തു കടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വായുവിൽ കലർന്ന ബാക്ടീരിയ ലാൻസുവിലെ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള 200 ഓളം പേരെ ബാധിക്കുകയാണ് ഉണ്ടായത്.
ലാൻസുവിലെ യൂണിവേഴ്സിറ്റി കോളേജിലെ 20 ലേറെ വിദ്യാർത്ഥികൾക്കും രോഗം ബാധ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ ആടുകൾ, പശു, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്നാണ് ബാക്ടീരിയ കൂടുതലും പടർന്നതെന്ന് കഴിഞ്ഞ ദിവസം ലാൻസു ആരോഗ്യ വകുപ്പ് നടത്തിയ പ്രസ്താവനയിൽ അറിയിച്ചതായി വാർത്താ ഏജൻസികൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തെ തുടർന്ന് ബയോഫാർമസ്യൂട്ടിക്കലിന്റെ വാക്സിന്റെ ലൈസൻസ് അധികൃതർ റദ്ദാക്കിയിട്ടുണ്ട്. രോഗബാധിതരായവർക്കുള്ള നഷ്ടപരിഹാര തുക അടുത്ത മാസം മുതൽ നൽകാനിരിക്കുകയാണ്. ലാൻസുവിലെ 11 ആശുപത്രികളിൽ ബ്രൂസെല്ലോസിസ് ബാധിച്ചവർക്ക് സൗജന്യ ചികിത്സയും പരിശോധനയും അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.