തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ.

ചെന്നെെ/ തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജ് എന്ന വി ജെ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ ചിത്രയെ ചെന്നൈയിലെ ഒരു ഹോട്ടൽ മുറിയിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു ഹോട്ടൽ മുറിയിൽ താമസം. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി വരുകയാണ്.
ഇവിപി ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ എത്തുന്നത്. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദ് പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു എന്നും ഹേമന്ദ് പറഞ്ഞിട്ടുണ്ട്. ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ചെന്നെെയിൽ കോട്ടൂർപുരത്താണ് ചിത്രയുടെ കുടുംബാംഗങ്ങൾ താമസിച്ചുവരുന്നത്. പാണ്ഡ്യൻ സ്റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരുടെ പ്രിയങ്കരിയായി മാറിയ ചിത്ര തമിഴ് സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും ടെലി വിഷൻ ഷോകളിലും അവതാരകയായി പങ്കെടുക്കാറുണ്ടായിരുന്നു.