Latest NewsWorld

പ്രത്യാശയുടെ വെളിച്ച​മേകി ഇന്ന്​ ഈസ്റ്റര്‍, പ്രതീക്ഷകളും പുനര്‍ജനിക്കു​മെന്ന്​ മാര്‍പാപ്പ

കോവിഡ് മഹാമാരിയുടെ ആശങ്കയിലും പ്രത്യാശയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റര്‍. ഉപവാസമേകിയ ആത്​മബലത്തോടെ പ്രാര്‍ഥനയുമായി ലോകമെമ്ബാടും ക്രൈസ്​തവ സമൂഹം ഞായറാഴ്ച യേശുവിന്‍റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നു. കോവിഡ്​ പശ്​ചാത്തലത്തില്‍ വത്തിക്കാന്‍ സെന്‍റ്​ പീറ്റേഴ്​സ്​ ബസലിക്കയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയില്‍ ഇത്തവണ 200 വിശ്വാസികളെ മാത്രമാണ്​ പങ്കെടുപ്പിച്ചത്​. ഉയര്‍ത്തെഴുന്നേല്‍പ്​ പുതിയ ചരിത്രത്തിന്‍റെ പിറവിയും പ്രതീക്ഷയുടെ പുനര്‍ജന്മവുമാണെന്ന്​ പോപ്​ ഫ്രാന്‍സിസ്​ പറഞ്ഞു. ഈസ്റ്റര്‍ നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹര ശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്​ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്നും മാര്‍പാപ്പ പറഞ്ഞു.

സംസ്ഥാനത്തെ ദേവാലയങ്ങളിലും ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി പ്രത്യേക ഈസ്റ്റര്‍ ശുശ്രൂഷകളും കുര്‍ബാനയും നടന്നു. പട്ടം സെന്‍റ്​ മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്‍റ്​ മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ദരിദ്രരേയും, രോഗികളേയും, അഭയാര്‍ഥികളേയും സ്വീകരിച്ച്‌ ശുശ്രൂഷ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം തന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

പരുമല പള്ളിയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് യു.കെ യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു. പാളയം സെന്‍റ്​ ജോസഫ്​സ്​ മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം. സൂസപാക്യം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലവിധത്തില്‍ തകര്‍ന്ന മനുഷ്യരെ കൈപിടിച്ച്‌ ഉയര്‍ത്തുകയാണ് ഉയിര്‍പ്പിന്‍റെ സന്തോഷത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ പറഞ്ഞു. എറണാകുളം സെന്‍റ്​ ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് അദ്ദേഹം മുഖ്യ കാര്‍മികത്വം വഹിച്ചു.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്‍റെ ആഘാതത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്​ പ്രത്യാശ നല്‍കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button