Kerala News

ഇതിലപ്പുറം ചാടിക്കടന്നവരാണീ മുട്ടം നിവാസികൾ സഞ്ചാരസ്വാതന്ത്ര നിഷേധത്തിന് 26 വർഷം

ഒരു മനുഷ്യൻ്റെ ഏറ്റവും പ്രധാന അവകാശങ്ങളിലൊന്നായ സഞ്ചാര സ്വാതന്ത്രം ഒരു ജനതക്ക് തന്നെ നിഷേധിച്ചിട്ട് 26 വർഷം പൂർത്തിയായി.ഇടുക്കിതൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനി നിവാസികളാണ് ഇത്തരത്തിൽ ദുരിതം പേറുന്നത്. മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ഗേറ്റാണ് നാല്‍പ്പത് കുടുംബങ്ങളുടെ ജീവിതം തന്നെ വഴിമുട്ടിക്കുന്നത്. ആശുപത്രി ഉൾപ്പടെ അത്യാവശ്യകാര്യങ്ങൾക്ക് പോലും പുറം ലോകവുമായി എത്തിപ്പെടാൻ ഈ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.സ്ത്രീകളും കുട്ടികളുമടക്കം പ്രായമായ ആള്‍ക്കാര്‍ വരെ മതില്‍ ചാടിക്കടന്നാണ് റോഡിലേക്കിറങ്ങുന്നത്.സഞ്ചാര സ്വാതന്ത്രം അനുവദിക്കണമെന്ന് ജില്ല കലക്ടറുടെ ഉത്തരവ് നിലവിലിരിക്കെയാണ് ഈ ക്രൂരത. മലങ്കര എസ്റ്റേറ്റ് മാനേജ്‌മെൻ്റിൻ്റെ കാടത്ത നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള ഭീം ആര്‍മി. കോളനി നിവാസികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും കോളനിവാസികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ തന്നെ ഗേറ്റ് തകര്‍ക്കുമെന്നും ഭീം ആര്‍മി പ്രഖ്യാപിച്ചിരിക്കുകയാണ്.

1993-ല്‍ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 30 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രദേശത്ത് ഭൂമി അനുവദിച്ചിരുന്നു. അ സമയത്ത് കുടുംബങ്ങൾ പ്രതീക്ഷയോടെ എത്തിയെങ്കിലും ഇവരില്‍ കുറച്ചുപേര്‍ വഴിയില്ലാത്തത് കൊണ്ട് മാത്രം തുടക്കത്തിലെ തന്നെ സ്ഥലം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന നാല്‍പ്പത് കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോകാനുള്ള വഴി തടഞ്ഞാണ് മലങ്കര മാനേജ്‌മെന്റ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. 26 വര്‍ഷമായി മതിലിനു മുകളിലൂടെയാണ് കോളനി നിവാസികള്‍ പുറത്തേക്ക് പോകുന്നതും വരുന്നതും. അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍. അല്ലാത്ത സമയത്ത് മതിലിനു മുകളിലൂടെ ചാടിക്കടക്കണം. ഒരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് കോളനി നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് തഹല്‍സില്‍ദാര്‍ക്കും കളക്ടര്‍ക്കും പരായുമായി കോളനിയിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതികളെല്ലാം എസ്റ്റേറ്റ് മാനേജ്‌മെന്റ് ഇടപെട്ട് അട്ടിമറിച്ചെന്നാണ് സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്. പരാതി നല്‍കിയ പലരെയും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും വ്യാപക പരാതിയുണ്ട്. ഈ എസ്റ്റേറ്റില്‍ തന്നെ പണിയെടുക്കുന്നവരാണ് കോളനി നിവാസികളില്‍ ഭൂരിഭാഗം പേരും.

ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കി ബുദ്ധിമുട്ടിച്ച് ചെറിയ തുകയ്ക്ക് ഭൂമി ഏറ്റെടുക്കാനാണ് മാനേജ്മെൻ്റ് ശ്രമിക്കുന്നത്.5000 രൂപയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോളനി ഒഴിഞ്ഞുപോകണമെന്നും മാനേജ്‌മെന്റ് പറഞ്ഞതായി കോളനിവാസികള്‍ പറഞ്ഞിരുന്നു. അതിന് തയ്യാറാകാത്തതിനാണ് തങ്ങളുടെ വഴി മുടക്കിയതെന്ന് കോളനിനിവാസികള്‍ പറയുന്നു.ഇതിനൊന്നും വഴങ്ങാതെ ഈ ജനത സമരങ്ങള്‍ ശക്തമാക്കിയതോടെയാണ് കോളനി നിവാസികളെയും എസ്റ്റേറ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കളക്ടര്‍ സമാധാന ചര്‍ച്ച സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് കോളനിയിലെ ജനങ്ങള്‍ക്ക്സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഗേറ്റ് അടച്ചിടരുതെന്നും കളക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ പരസ്യമായി ലംഘിക്കുന്നത്.ഈ പരസ്യ ലംഘനത്തിനെതിരെ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഭീം ആര്‍മി കേരള ഘടകം പ്രതിഷേധവുമായി രംഗത്തെത്തിയത്.എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ചത് ജാതിമതിലാണെന്നും ഭീം ആര്‍മി കേരള ഘടകം പറഞ്ഞു. ജാതിഗേറ്റ് പൊളിച്ചുമാറ്റി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ തന്നെ ഗേറ്റ് തുറക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ലെന്നും ഇവർ പറയുന്നു. ഗേറ്റ് അടച്ചുപൂട്ടിയ മാനേജ്‌മെന്റിനെതിരെ സമരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം.ഒക്ടോബര്‍ എട്ടിനാണ് ഈ തര്‍ക്കം സംബന്ധിച്ച കേസിന്റെ വിധി. വിധി അനുസരിച്ച് അതിന് ശേഷം സമരവുമായി മുന്നോട്ടുപോകാ
നാണ് തീരുമാനമെന്നും സമര ഭാരവാഹികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button