
ഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് മലയാളികളില്‍ ഒന്നാമത്. വി.എം.ആര്യ (36), അനൂപ് ദാസ് (38), എസ്. ഗൗതം രാജ് (63) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികള്‍.കോട്ടയം പാലാ പുലിയന്നൂര്‍ സ്വദേശിനിയായ ഗഹന നവ്യ ജെയിംസ് (25), എംജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ഗഹന, പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബി.എ ഹിസ്റ്ററി പാസായി. തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജില്‍നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടി. യുജിസി നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ടപ്രഫ. ജെയിംസ് തോമസിന്റെ മകളാണ്.ഇഷിത കിഷോറിനാണ് ദേശീയതലത്തില്‍ ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എന്‍. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂര്‍ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐ.എ.എസിലേക്കു 180 പേര്‍ ഉള്‍പ്പെടെ വിവിധ സര്‍വീസുകളിലേക്കായി മൊത്തം 933 പേര്‍ക്കാണ് നിയമന ശുപാര്‍ശ.2022 ജൂണ്‍ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ നടത്തി. ഡിസംബര്‍ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങള്‍ അവസാനിച്ചത്. .
Post Your Comments