അതിർത്തിയിൽ സംഘർഷം രൂക്ഷം, ലഡാക്കില്‍ അന്യോന്യം വെടി ഉതിർത്തു.

കിഴക്കന്‍ ലഢാഖിലെ ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാവുകയാണ്. ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ അന്യോന്യം വെടി ഉതിർത്തു. ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ വെടിവെയ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെടിവെയ്പിന് കാരണം ഇന്ത്യയാണെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി അവകാശപ്പെട്ടു. ഇന്ത്യന്‍ സൈന്യം നിയമവിരുദ്ധമായി എല്‍എസി കടന്നെന്നും പാംങ്കോങ് തടാകത്തിന്റെ തെക്കേ കരയിലും ഷെനെപ്പോ പര്‍വത പ്രദേശത്ത് പ്രവേശിച്ചെന്നുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വക്താവ് ആരോപിച്ചിരിക്കുന്നത്.
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നത്. വെടിവച്ചത് ആകാശത്തേക്കാണെന്നും, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ഉയർന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ് നിലനിൽക്കുന്നത്. പിഎല്‍എ ക്യാംപുകള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന രണ്ട് തന്ത്ര പ്രധാന കേന്ദ്രങ്ങളാണ് ഇവ. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു.
അതിർത്തിസംഘർഷം പരിഹരിക്കാൻ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിലുള്ള ചർച്ചയിൽ ധാരണ ഉണ്ടായ ശേഷവും ചൈന പ്രകോപനം തുടരുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. അരുണാചൽപ്രദേശിൽ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘർഷം വീണ്ടും കനക്കുകയാണ്. ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വൻതോതിൽ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യൻ സൈന്യം പറയുന്നുണ്ട്. പാംഗോങ്ങിൽ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്ര–സൈനിക ചർച്ചകൾ തുടരണമെന്നും ആണ് ഇന്ത്യ ഇപ്പോഴും ആവശ്യപ്പെടുന്നത്.
ഫിംഗര്‍ ഏരിയ, ഗാല്‍വന്‍ താഴ്‌വര, ഹോട്ട് സ്പ്രിംഗ്‌സ്, കോന്‍ഗ്രുങ് നള എന്നിവിടങ്ങളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ ഏപ്രില്‍ മുതല്‍ തുടക്കം കുറിച്ച ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ അതിർത്തിയിൽ സൃഷ്ടിച്ചിരിക്കുന്നത്. ജൂണ്‍ മാസം ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറല്‍ ലെവല്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കണ്ടില്ല.
ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് നയതന്ത്ര, സൈനികതലങ്ങളിലെ ചർച്ചയാണു മാർഗമെന്നു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ പ്രശ്നങ്ങളും സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നതാണ്. എത്രയും വേഗം സ്ഥിതി സാധാരണഗതിയിലാക്കാൻ ആത്മാർഥമായ സഹകരണമാണു ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ ഇന്ത്യ സൈന്യത്തിന് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ലേയിലും വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ സിക്കിമിലും അരുണാചൽപ്രദേശിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ രണ്ടു ദിവസം മുൻപ് വിലയിരുത്തിയിരുന്നതാണ്. ചൈനയുടെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ,ഇന്ത്യ ശക്തമായ നടപടികൾക്ക് ആയിരിക്കും കടക്കുക. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തേക്കു കടന്നുകയറാനുള്ള ചൈനയുടെ നീക്കം പരാജയപ്പെടുത്തിയ ഇന്ത്യ മലനിരകളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും സേനാ സാന്നിധ്യവും നിരീക്ഷണവും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.