ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനം; 3 മരണം
ദെറാദൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര് മരിച്ചു. നാല് പേരെ കാണാതായി. കാണാതായവരില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന ഇന്‍സ്പെക്ടര്‍ ജഗദംബ പ്രസാദ് അറിയിച്ചു. ഉത്തരകാശി ജില്ലയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഴയില്‍ മാണ്ഡോ ഗ്രാമത്തിലെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.
ഉത്തരേന്ത്യയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കഴിഞ്ഞ ദിവസം ഐ.എം.ഡി നിര്‍ദേശം നല്കി. ഉത്തരകാശിയില്‍ കഴിഞ്ഞയാഴ്ച ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവുകയും ഗംഗോത്രി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ഉത്തരാഖണ്ഡില്‍ 21 വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. പടിഞ്ഞാറന്‍ തീരത്ത് 23 വരെ ശക്തമായ മഴ തുടരും.