ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; 7 പേരെ കാണാതായി
ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. 7 പേരെ കാണാതായി, 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾക്ക് പൂർണ്ണമായും തകർന്നു.
കുന്താരി, ദുർമ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ധർമ്മ ഗ്രാമത്തിൽ, നാലോ അഞ്ചോ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു, കന്നുകാലികൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മെഡിക്കൽ സംഘത്തെയും ആംബുലൻസിനെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതല്‍. അതേസമയം മേഘവിസ്‌ഫോടനത്തിലും കനത്ത മഴയിലും 15 പേര്‍ മരിച്ചു. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 900 ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. വെള്ളത്തിനടിയിലായ ധരംപൂര്‍ പട്ടണത്തില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഒറ്റപ്പെട്ട മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്