അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനോട് പിണറായി സർക്കാർ മത്സരിക്കുകയാണ്; ലാവ്ലിൻ കേസിൽ കോൺഗ്രസ് പിണറായിയെ സഹായിച്ചു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : എസ്.എൻ.സി ലാവ്ലിൻ കേസിൽ കോൺഗ്രസ് പിണറായിയെ സഹായിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതിന്റെ ഉപകാര സ്മരണയാണ് കോൺഗ്രസ് – ഇടത് സഖ്യത്തിന്റെ ഒന്നാം യു.പി.എ. സർക്കാർ. സംസ്ഥാനത്ത് അഴിമതികേസുകളുടെ ഒത്തുതീർപ്പു രാഷ്ട്രീയം ആരംഭിക്കുന്നത് ലാവ്ലിൻ കേസു മുതലാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അതിന്റെ തുടർച്ചയാണ് യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ പിണറായി വിജയൻ അട്ടിമറിച്ചത്. എ.കെ ആന്റണിയും ടി.കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള അഴിമതി ഒത്തുതീർപ്പുകളാണ് നടക്കുന്നത്. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്നില്ല. ലാവ്ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്ക്കാരം വന്നത്.
ഉമ്മൻചാണ്ടി സർക്കാറിൻ്റെ തീവെട്ടിക്കൊള്ളയാണ് പിണറായിക്ക് അധികാരത്തിലേക്ക് വഴി തുറന്നത്. ബാർക്കോഴക്കേസിൽ കൃത്യമായ അന്വേഷണം നടന്നില്ല. കെ ബാബുവിൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണമടക്കം വിജിലൻസ് പിടിച്ചിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയില്ല. പാലാരിവട്ടം കേസിലും അന്വേഷണം മുന്നോട്ട് പോയില്ല. യുഡിഎഫിൻ്റെ അഴിമതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതല്ലാതെ മുന്നോട്ട് പോയില്ല. കടൽകൊള്ളയടിയിക്കുകയാണ് ഇടത് സർക്കാർ. മേഴ്സിക്കുട്ടിയമ്മയെന്ന് പേരുമാത്രം. അവർക്ക് മേഴ്സി ഇല്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ഭക്ഷ്യകിറ്റ് നൽകിയതാണ് സർക്കാർ നേട്ടമെന്ന് പറയുന്നു. എന്നാൽ ഇതിലെ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം നൽകിയതാണ് അത് മറച്ച് വെക്കുക്കുന്നു. ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനുമായി ചർച്ച നടത്തിയിട്ടില്ല.അദ്ദേഹവുമായി നല്ല ബന്ധമാണ്. താൻ പലരേയും കണ്ട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.