ലൈഫ് മിഷനില്‍ പൂര്‍ത്തിയാക്കിയത് രണ്ടര ലക്ഷം വീടുകള്‍; ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന് ഇത് അഭിമാന നിമിഷം. രണ്ടര ലക്ഷം കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 2,50,547 വീടുകളാണ് പൂര്‍ത്തിയാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിവഴി രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പാപ്പാടിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു.
നാലര വര്‍ഷം കൊണ്ട് 2.5 ലക്ഷം കുടുംബങ്ങളാണ് പുതിയ വീട് സ്വന്തമാക്കിയത്. നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ് ചെലവഴിച്ചത്. ഈ വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക.
സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം പറഞ്ഞു. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണം അഭിമാനകരമാണ്. രാജ്യത്തിന് തന്നെ മാതൃകയാണ് ലൈഫ് പദ്ധതി. സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുളള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍. ജനോപകാര പദ്ധതികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തില്‍പ്പെട്ടിരിക്കെയാണ് സര്‍ക്കാര്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം നടത്തിയത്. വടക്കാഞ്ചേരിയിലെ 2.17 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിനായി 2019 ജൂലൈ 11നാണ് യുഎഇ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത്. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കീഴില്‍ യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാര്‍ നിയമാനുസൃതമല്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. 20 കോടിയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച് അനില്‍ അക്കരെ എംഎല്‍എയും സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു.