സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ കീഴിൽ,ബാങ്കിങ് ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി.

രാജ്യത്തെ സഹകരണ ബാങ്കുകളെ എല്ലാം റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടു വരുന്ന ബാങ്കിങ് ഭേദഗതി ബില്‍ 2020
രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടുകൂടിയാണ് ബാങ്കിങ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോട് കൂടി സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പരിധിയിലാകും.
പി.എം.സി ബാങ്ക് അഴിമതി പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താൻ ബാങ്കിങ് ഭേദഗതി ബില്‍ 2020 കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്നും അവര്‍ രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി പറയുകയുണ്ടായി.
കൊവിഡ് മഹാമാരിക്കിടെ സഹകരണ ബാങ്കുകള്‍ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ നേരിടുന്നതെന്നും അത് കൊണ്ട് തന്നെ സഹകരണ ബാങ്കുകളുടെ ധനകാര്യങ്ങള്‍ സൂക്ഷ്മമായി ആര്‍.ബി.ഐ വീക്ഷിക്കുമെന്നും രാജ്യസഭയില്‍ നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതുള്‍പ്പെടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച ആറ് ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിയ ശേഷമാണ്, സെപ്തംബര്‍ 16ന് ബില്‍ ലോക്‌സഭയില്‍ പാസാക്കുന്നത്.
ഭേദഗതി നിയമ പ്രകാരം സഹകരണ ബാങ്കുകള്‍ക്കും, ഷെഡ്യൂള്‍ഡ് ബാങ്കുകളെ നിയന്ത്രിക്കുന്ന അതേ നിയമം ബാധകമാവുകയാണ്. ഇതുവരെ സഹകരണ കൂട്ടായ്മകളുടെയും റിസര്‍വ് ബാങ്കിന്റെയും സംയുക്ത നിയന്ത്രണത്തിലായിരുന്നു സഹകരണ ബാങ്കുകള്‍ ഉണ്ടായിരുന്നത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് സർക്കാർ ബില്‍ കൊണ്ടുവന്നത്. മാര്‍ച്ചില്‍ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കാനായില്ല. തുടർന്ന് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.
സഹകരണ മേഖലയെ റിസര്‍വ് ബാങ്കിന് കീഴിലാക്കുന്നത് സംസ്ഥാന ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായിട്ടാണ് സഹകരണ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പുതിയ നിയന്ത്രണ ഭേദഗതി നിയമം സഹകരണ ബാങ്കുകള്‍ക്ക് മേല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.