കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് അഖിലേഷ് ശർമയുടെ ഭാര്യ മേഘ ആൺകുഞ്ഞിന് ജന്മം നൽകി. നോയിഡയിലെ നയാതി ഹെൽത്ത്‌കെയർ ആശുപത്രിയിൽ ശനിയാഴ്ചയാണ് മേഘ കുഞ്ഞിനെ പ്രസവിച്ചത്. മേഘ പൂർണ ഗർഭിണിയായിരിക്കെയായിരുന്നു കരിപ്പൂരിലെ വിമാനാപകടത്തിൽ അഖിലേഷിന്റെ വിയോഗം. കുഞ്ഞിനോടൊപ്പം സമയം ചെലവിടാൻ ലീവ് കരുതി വച്ചിരിക്കെയായിരുന്നു അപകടം.
രോഗങ്ങൾ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണമെന്നും കരിപ്പൂരിലെത്തിയ ശേഷം കൂടുതൽ സംസാരിക്കാമെന്നും വീട്ടുകാരോട് പറഞ്ഞ ശേഷമായിരുന്നു അഖിലേഷിന്റെ അവസാനയാത്ര. ഉത്തർപ്രദേശിലെ മഥുരയിലുള്ള ഗോവിന്ദ് നഗറിലാണ് അഖിലേഷിന്റെ വീട്. വീട് അഭിമുഖീകരിച്ച ദുരന്തത്തിൽ നിന്ന് കരകയറാനുള്ള പ്രതീക്ഷയായാണ് പേരക്കുഞ്ഞിന്റെ പിറവിയെന്നാണ് അഖിലേഷിന്റെ പിതാവ് തുളസി റാം ശർമ്മ എൻഡി ടിവിയോട് പ്രതികരിച്ചത്.
കരിപ്പൂർ വിമാനാപകടം നടന്ന് ഒരുമാസം തികയുകയാണ് ഈ തിങ്കളാഴ്ച. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയായിരുന്നു കരിപ്പൂരിൽ ലാൻഡ് ചെയ്ത ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് താഴ്ചയിലേക്ക് വീണ് അപകടത്തിൽപെട്ടത്.