റദ്ദാക്കിയ ഐ.ടി നിയമപ്രകാരം വീണ്ടും കേസ് ; സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് സുപ്രീം കോടതി
മുംബൈ: ഭരണഘടനയില്‍ ഐ.ടി നിയമത്തിലെ 66 എ വകുപ്പ് നീക്കി ആറു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും കേസെടുക്കുന്നത് തുടരുന്നതില്‍ കടുത്ത അമര്‍ഷമറിയിച്ച് സുപ്രീം കോടതി. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കോടതി നോട്ടീസ് നല്‍കി. നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
”കോടതികള്‍ മാത്രമല്ല, പൊലീസും വരുമെന്നതിനാല്‍ വിഷയം ഒന്നിച്ചല്ല, വേറിട്ട് പരിശോധിക്കുമെന്ന് റോഹിങ്ടണ്‍ നരിമാനും ബി.ആര്‍ ഗാവലും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു .
ഇനിയും 66എ പ്രകാരം കേസ് എടുക്കരുതെന്നും എഫ്.ഐ.ആര്‍ സമര്‍പിക്കരുതെന്നും പൊലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ ആയ പി.യു.സി.എല്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. അതെ സമയം റദ്ദാക്കിയ നിയമ പ്രകാരം പുതിയതായി 1,000 ലേറെ കേസുകള്‍ എടുത്തതായി കണ്ടെത്തിയിരുന്നു.
ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍വഴി, കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണാജനകമായ ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയെല്ലാം മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നതാണ് 66 എ വകുപ്പ്.
ഈ വകുപ്പനുസരിച്ച് കേസ് എടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു .