കോയമ്പത്തൂർ കൂട്ടബലാത്സംഗം; 24 മണിക്കൂറിനുള്ളില്‍ ‘ഓപ്പറേഷന്‍’, ഏറ്റുമുട്ടലില്‍ വെടിയേറ്റുവീണ് പ്രതികള്‍

നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനായതായി തമിഴ്‌നാട് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയർന്നിരിക്കെ, മൂന്നു പ്രതികളെയും വെടിവെച്ച് കീഴ്പ്പെടുത്തിയതായാണ് പോലീസ് സ്ഥിരീകരിച്ചത്. സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. മൂവർക്കും കാലിന് വെടിയേറ്റതായും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎ പഠിക്കുന്ന 21 കാരിയാണ് അതിക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം, സുഹൃത്തായ 23 കാരനൊപ്പം കാറില്‍ ഇരിക്കുമ്പോള്‍ ബൈക്കില്‍ എത്തിയ പ്രതികള്‍ ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ കല്ലെറിഞ്ഞ് കാറിന്റെ ഗ്ലാസ് തകര്‍ത്തു. പേടിച്ച ഇരുവരും കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നുവെങ്കിലും, രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും മൂന്നാമന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ മൂവരും ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി, അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടബലാത്സംഗം നടത്തുകയായിരുന്നു.
മര്‍ദനമേറ്റ് അവശനായ യുവാവാണ് കുറച്ച് സമയത്തിന് ശേഷം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. തുടര്‍ന്നുള്ള അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ റെയില്‍പാളത്തിനു സമീപം വിവസ്ത്രാവസ്ഥയില്‍ യുവതിയെ പോലീസ് കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ അവളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്വേഷണത്തിൽ പ്രതികൾ കോവിൽപാളയത്തിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഈ അന്വേഷണത്തിനിടെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ വെള്ളക്കിണറില്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തിയത് എന്നാണ് പോലീസ് വിശദീകരണം.
പ്രതികളായ മൂവരും മധുര സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. കോയമ്പത്തൂരില്‍ കൂലിപ്പണിയെടുത്ത ഇവര്‍ നഗരത്തിലെ വാടകമുറിയിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമാക്കി. പ്രതികള്‍ക്ക് നേരെ കേസ് ചുമത്തിയിട്ടുണ്ടെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
tag: Coimbatore gang rape; ‘Operation’ within 24 hours, accused shot dead in encounter
				


