കമ്മീഷന്‍ പുതുക്കുന്നില്ല; പമ്പുടമകള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുതിച്ചുയര്‍ന്നിട്ടും കമ്മീഷന്‍ തുക പുതുക്കാത്ത എണ്ണക്കമ്പനികള്‍ക്കെതിരെ പമ്പ് ഉടമകള്‍ ഹൈക്കോടതിയിലേക്ക്. മൂന്നു വര്‍ഷം മുമ്പു പെട്രോളിന് 65 രൂപയും ഡീസലിന് 60 രൂപയും ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന കമ്മീഷന്‍ തന്നെയാണ് പെട്രോള്‍ വില 100 കടന്നപ്പോഴും ലഭിക്കുന്നത്. ഒരു ലോഡ് ഇന്ധനം വാങ്ങിക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 3.12 രൂപയും ഡീസലിന് 2.26 രൂപയുമാണ് ഒരു ഡീലര്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി കമ്മീഷനില്‍ ഒരു മാറ്റവും വന്നിട്ടില്ല. അതിനാല്‍ ഇന്ധനവിലയുടെ ശതമാനത്തിന് ആനുപാതികമായി കമ്മീഷന്‍ നല്‍കണമെന്ന ആവശ്യവുമായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ആറു മാസം കൂടുമ്പോള്‍ പമ്പുടമകള്‍ക്ക് കമ്മീഷനില്‍ വ്യത്യാസം വരുത്താമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി മാറുകയാണ്. കാലാകാലങ്ങളായി കമ്മീഷനില്‍ ഭേദഗതി വരുത്താത്തതുമൂലം ഈ മേഖലയിലുള്ളവര്‍ പ്രതിസന്ധിയിലാണ്.
മുമ്പ് ഒരു ലോഡ് മോട്ടോര്‍ സ്പിരിറ്റും (എംഎസ്) ഹൈ സ്പീഡ് ഡീസലും (എച്ച്എസ്പി) വാങ്ങണമെങ്കില്‍ നാലര ലക്ഷം രൂപ മുടക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പന്ത്രണ്ടര ലക്ഷമായി വര്‍ധിച്ചു. എന്നിട്ടും ഇന്ധന കമ്പനികള്‍ പഴയ നിരക്കില്‍ത്തന്നെയാണ് കമ്മീഷന്‍ നല്‍കുന്നത്. പല പെട്രോള്‍ പമ്പ് ഉടമകളും അധിക വിലയ്ക്കാണ് ഇന്ധനം വാങ്ങി സംഭരിച്ചിരിക്കുന്നത്.
തങ്ങളില്‍ നിന്ന് അധികമായി വാങ്ങിയ ടാക്‌സ് തിരിച്ചു തരണമെന്നാണ് ഡീലര്‍മാരുടെ മറ്റൊരാവശ്യം. ഒരു പെട്രോള്‍ പമ്പില്‍ ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വരെ സംഭരിക്കാനാകും. ഇത്തരത്തിലാണ് പല പമ്പുകളിലും ഇന്ധനം സംഭരിച്ചിരിക്കുന്നത്. ഒരു പമ്പുടമയ്ക്ക് ആറ് ലക്ഷം രൂപ വരെ നിലവില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇക്കാരണങ്ങള്‍ കാണിച്ച് സര്‍ക്കാര്‍ അംഗീകൃത എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് എന്നിവര്‍ക്ക് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു ലോഡ് ഇന്ധനത്തിന് എല്ലാ നികുതികളും ഉള്‍പ്പെടെ എണ്ണക്കമ്പനികള്‍ പതിമൂന്നര ലക്ഷം രൂപയാണ് ഡീലര്‍മാരില്‍ നിന്നും ഈടാക്കുന്നത്. സംസ്ഥാനത്ത് മൂവായിരത്തിലധികം ഡീലര്‍മാരാണുള്ളത്.