ബിജെപി അധികാരത്തിലെത്തിയാല്‍ പള്ളികള്‍ തകര്‍ക്കും; വര്‍ഗീയ പരാമര്‍ശവുമായി ബദ്റുദ്ദീന്‍ അജ്മല്‍

ബിജെപിയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദ്റുദ്ദീന്‍ അജ്മല്‍. ബിജെപി അധികാരത്തിലെത്തെരുതെന്നും അധികാരത്തില്‍ എത്തിയാല്‍ അവര്‍ മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്നും അജ്മല്‍ പറഞ്ഞു. വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ബദ്റുദ്ദീന്‍ നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അസമിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധുബ്രിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ബദ്റുദ്ദീന്‍ വിവാദ പ്രസ്താവന നടത്തിയത്. ബിജെപി അധികാരത്തിലെത്തിയാല്‍ അവര്‍ മുസ്ലിം പള്ളികള്‍ തകര്‍ക്കും. മുസ്ലീങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബിജെപി ഇന്ത്യയുടെയും സ്ത്രീകളുടെയും പള്ളികളുടെയും മുഖ്യ ശത്രുവാണ്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യരുതെന്നും ഇയാള്‍ പറയുന്നു.
ബുര്‍ഖയോ തൊപ്പിയോ ധരിക്കാനോ താടി വളര്‍ത്താനോ ബിജെപി അനുവദിക്കില്ല. ഇപ്പോള്‍ തന്നെ അസമിലെ നിരവധി പള്ളികള്‍ ബിജെപി ലക്ഷ്യമിട്ടു കഴിഞ്ഞു. രാജ്യത്ത് ആകമാനം 3,500 പള്ളികള്‍ ബിജെപി നോട്ടമിട്ടിട്ടുണ്ടെന്നും അവയെല്ലാം ബിജെപി തകര്‍ക്കുമെന്നും ബദ്റുദ്ദീന്‍ ആരോപിച്ചു.