ഡ്രീം11 ഉൾപ്പെടെയുള്ള ഓൺലൈൻ മണി ഗെയിമുകൾ അവസാനിപ്പിച്ച് കമ്പനികൾ; ഉപയോക്താക്കളുടെ പണം തിരികെ നൽകുമെന്ന് ചില സ്ഥാപനങ്ങൾ

പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ നിരോധിക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ ഗെയിമിങ് കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഉൾപ്പെടെ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. നിയമം വിജ്ഞാപനം ചെയ്യുന്നതിന് മുൻപേ തന്നെ പല കമ്പനികളും തീരുമാനം കൈക്കൊണ്ടു.
ഉപയോക്താക്കളുടെ പണം സുരക്ഷിതമായി തിരികെ നൽകുമെന്ന് പല സ്ഥാപനങ്ങളും ഉറപ്പ് നൽകി. മണി ഗെയിമിങ്ങിൽ മാത്രം ആശ്രയിച്ചിരുന്ന കമ്പനികൾക്ക് ഇനി തുടർന്നുപ്രവർത്തിക്കാൻ കഴിയില്ല. ചിലർക്ക് ഇതര ഗെയിമിങ് സേവനങ്ങളുണ്ടെങ്കിലും അവ ലാഭകരമല്ലാത്തതിനാൽ നിലനിൽപ്പിന് പരിമിതികളുണ്ട്.
നിയമം ഇപ്പോൾ ഔദ്യോഗികമായി നിലവിൽ വന്നിട്ടുണ്ടെങ്കിലും പ്രാബല്യത്തിലാകുന്ന തീയതി കേന്ദ്രം പ്രത്യേകം വിജ്ഞാപനത്തിലൂടെ വ്യക്തമാക്കും. നിലവിലെ കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് ഉപയോക്താക്കളെ റീഫണ്ട് ചെയ്യാൻ ഒരുമാസത്തോളം സമയം അനുവദിക്കാനാണ് സാധ്യത. എന്നാൽ നിയമം ഉടൻ പ്രാബല്യത്തിലാക്കിയാൽ റീഫണ്ടുകളും പോലും നിയമവിരുദ്ധമാകാൻ ഇടയുണ്ട്.
നിരോധനം പ്രാബല്യത്തിൽ വന്ന ശേഷം ഇത്തരം ഓൺലൈൻ മണി ഗെയിമുകൾ തുടരുകയോ, അവയ്ക്കായി സാമ്പത്തിക ഇടപാടുകൾക്ക് സൗകര്യമൊരുക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ, ഒരു കോടി രൂപ വരെ പിഴയോ ലഭിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.
Tag: Companies shut down online money games including Dream11; Some firms say they will refund users’ money