കോളേജ് അനുമതിക്കായി സിപിഐ നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ഇടുക്കി: കോളേജിന് അനുമതി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സിപിഐ നേതാക്കള്‍ വിരമിച്ച എസ്‌ഐയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് കിഴക്കേപ്പറമ്പില്‍ ശ്രീധരന്‍, മകന്‍ ശ്രീലേഷ് എന്നിവരാണ് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 86 ലക്ഷം രൂപ വാങ്ങിയതായാണ് പരാതിയില്‍ പറയുന്നത്. 2013 മുതല്‍ 2017 വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയത്.
50 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയെന്നും, ബാക്കി തുക സിപിഐ നേതാക്കള്‍ തട്ടിച്ചെന്നുമാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. പണം നല്‍കിയതിന്റെ ബാങ്ക് രേഖകളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. സിപിഐ നേതാക്കള്‍ പണം തട്ടിയതാണെന്ന് മനസിലാക്കിയ കുടുംബം ആത്മഹത്യ ഭീഷണി മുഴക്കിയാണ് പോലീസിനെ സമീപിച്ചത്.
ജില്ലയിലെ സിപിഐ നേതാക്കളായ കെ.കെ. സജികുമാര്‍, സി.കെ. കൃഷ്ണന്‍കുട്ടി, വി. ധനപാലന്‍, ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍, സെക്രട്ടറിയേറ്റിലെ ചില ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് കോളേജിന് അംഗീകാരം നേടി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്.