ബിഹാർ മാതൃകയിൽ കേരളത്തിലും സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം വരുന്നു
കേരളത്തിലും ബിഹാർ മാതൃകയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. അടുത്ത മാസം മുതൽ നടപടികൾ ആരംഭിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. കേന്ദ്ര കമ്മീഷന്റെ അനുമതി ലഭിച്ചാൽ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും.
വിവാദങ്ങൾ ഒഴിവാക്കുന്നതിനായി എസ്‌ഐആർ ആരംഭിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നാണ് സൂചന. ഈ മാസം 20-നാണ് യോഗം നടക്കുക എന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽകർ അറിയിച്ചു. ബിഹാറിൽ എസ്‌ഐആർ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളും ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“2002ലെ എസ്‌ഐആറിന് ശേഷമുള്ള വോട്ടർ പട്ടിക ഞങ്ങളുടെ വെബ്സൈറ്റിൽ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനവും നൽകി. സെപ്റ്റംബർ 20-ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ആശങ്കകൾ ദൂരീകരിക്കുന്നതിനുള്ള യോഗം ചേരും. കമ്മീഷന്റെ നിർദേശം ലഭിക്കുമ്ബോഴേക്കും എസ്‌ഐആർ തുടങ്ങാൻ തയ്യാറാണ്.” രത്തൻ യു. ഖേൽകർ അറിയിച്ചു.
യോഗ്യരായ വോട്ടർമാർ ആരും പട്ടികയിൽ നിന്ന് ഒഴിവാകില്ലെന്നും പ്രവാസികൾ ഉൾപ്പെടെ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഖേൽകർ ഉറപ്പുനൽകി. ബൂത്ത് തല വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഗ്രൂപ്പ്-സി വിഭാഗത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ ഇലക്ട്രോണിക് രീതിയിലും ഫിസിക്കൽ പരിശോധന വഴിയും പരിശോധിക്കും.
Tag: Comprehensive voter list revision coming in Kerala on Bihar model