‘എന്നെ വോട്ടിനായി ഉപയോഗിക്കരുത്’; മോദിയുടെ അമ്മയെ കഥാപാത്രമാക്കി കോൺഗ്രസിന്റെ എഐ വീഡിയോ
ബിഹാർ കോൺഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിനെ ആസ്പദമാക്കിയ എഐ വീഡിയോ വിവാദത്തിൽ. വോട്ടിനായി അമ്മയെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അപേക്ഷിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
മരണപ്പെട്ട അമ്മയെ അനുസ്മരിപ്പിക്കുന്ന എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, രാഷ്ട്രീയത്തിൽ തന്റെ പേര് ഉപയോഗിച്ചതിന് മകനെ ശാസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. മോദിയോട് സാമ്യമുള്ള മറ്റൊരു എഐ കഥാപാത്രം ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്. “സാഹിബിന്റെ സ്വപ്നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തിറക്കിയത്.
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടത്.
വീഡിയോ വിവാദത്തെ തുടർന്ന് ബിജെപി കോൺഗ്രസിനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു. “മോദിയുടെ അമ്മയെ വീണ്ടും അപമാനിക്കുന്നു, വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണ് കോൺഗ്രസ് പിന്തുടരുന്നത്” എന്നായിരുന്നു പാർട്ടിയുടെ ആരോപണം.
ബിജെപിയുടെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് വീഡിയോ തയ്യാറാക്കിയതെന്ന് ആരോപിച്ചു. “പ്രധാനമന്ത്രിയുടെ പരേതയായ അമ്മയെ പരിഹസിച്ച് കോൺഗ്രസ് തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നത്. ഇത് സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്” എന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.
Tag: Congress’ AI video featuring Modi’s mother