ലണ്ടൻ വിമാനത്തിലെത്തിയ അഞ്ചുപേർക്ക് കോവിഡ്, രാജ്യത്ത് അതീവ ജാഗ്രത.

ന്യൂഡൽഹി/ ലണ്ടനിൽ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ. ഇന്നലെ രാത്രി എത്തിയ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പടെയുള്ള 266 പേരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാമ്പിൾ നാഷനൽ സെന്റർ ഡിസീസ് കൺട്രോൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ബ്രിട്ടനിൽ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. അർദ്ധരാത്രി മുതൽ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തിലാക്കിയിരിക്കുകയാണ്. വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ അറിയിച്ചിരുന്നു.
യു.കെയിലെ അതിവേഗ കോവിഡ് ബാധ മറ്റു രാജ്യങ്ങൾക്കും ആശങ്ക പരത്തുകയാണ്. മുൻകരുതലിന്‍റെ ഭാഗമായി യു.കെയിലേക്ക് 31 വരെ വിമാന സർവീസുകൾ റദ്ദാക്കിയ കേന്ദ്ര നടപടി ഇന്ന്പ്രാബല്യത്തിൽ വരും. യു.കെയിൽ നിന്ന് വന്നവരും യു.കെ വഴി വന്നവരും 7 ദിവസം ക്വാറന്‍റൈനിൽ കഴിയുകയും ആര്‍.ടി.പി.സി.ആര്‍ നടത്തുകയും വേണമെന്ന കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി. മഹാരാഷ്ട്ര ജനുവരി 5 വരെ രാത്രി 11 മണി മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും വരുന്നവർക്ക് 15 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിസ്തുമസ്, പുതുവത്സര ആലോഷങ്ങൾ കഴിയുമ്പോൾ രോഗബാധ വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഡൽഹിയും രാജസ്ഥാനും ആഘോഷങ്ങൾ വീട്ടിലാക്കാൻ കർശന നിർദ്ദേശം നൽകി. ആശങ്ക വേണ്ടെന്നും ജാഗ്രത തുടരണം എന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.