ആംബുലന്‍സ് പീഡനത്തെ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവല്‍ക്കരിച്ചു- ശ്രീജിത്ത് പണിക്കര്‍
പാലക്കാട്: ശ്രീജിത്ത് പണിക്കര്‍ക്ക് സ്ത്രീവിരുദ്ധന്‍ എന്ന പട്ടം ചാര്‍ത്തികൊടുത്തവര്‍ക്ക് ഇന്നലെ നടന്ന ആംബുലന്‍സ് പീഡന വാര്‍ത്ത കാട്ടി കൊടുത്ത് ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മുന്‍പ് കോവിഡ് ആംബുലന്‍സില്‍ രോഗിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചത് പൊലീസാണ്. ഇപ്പോള്‍ ഇതാ, മലപ്പുറത്ത് സമാന സാഹചര്യത്തില്‍ മറ്റൊരു രോഗിക്ക് നേരെ പീഡനശ്രമം ഉണ്ടായി എന്ന് വാര്‍ത്ത. ഗൗരവമുള്ള ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവല്‍ക്കരിക്കാനും, ഇവിടം സ്വര്‍ഗ്ഗരാജ്യമെന്ന് PR നടത്താനുമായിരുന്നു ശ്രമം എന്നും ശ്രീജിത്ത് ആരോപിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കോവിഡ് അതിരൂക്ഷമായ രണ്ടാം തരംഗത്തിലും ആംബുലന്‍സ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിമര്‍ശിച്ചവനെ നിമിഷാര്‍ദ്ധത്തില്‍ ‘സ്ത്രീവിരുദ്ധന്‍’ ആക്കി. കോവിഡ് ആംബുലന്‍സില്‍ പീഡനം ഉണ്ടായിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചത് ‘റേപ്പ് ജോക്ക്’ ആണെന്ന് ഗീബല്‍സ് ലജ്ജിക്കും വിധം പ്രൊപ്പഗാണ്ട നടത്തി. സര്‍ക്കാരിനോടുള്ള വിമര്‍ശനത്തെ വ്യക്തി കേന്ദ്രീകൃതം ആക്കാന്‍ ആയിരുന്നു ചിലരുടെ ശുഷ്കാന്തി മുഴുവന്‍.
ഇന്നലെ വന്ന രണ്ടു വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നതാണ്. കാസര്‍ഗോട്ട് ആംബുലന്‍സ് വരാത്തതുകൊണ്ട്, ഗതികെട്ട് അവസാനം ഒരു പിക്കപ്പ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച രോഗി മരണപ്പെട്ടുവത്രേ. ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്. റോഡ് സൗകര്യങ്ങളോ വാഹനലഭ്യതയോ പ്രശ്നമല്ലാത്ത കേരളത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവമാണ്. സര്‍ക്കാര്‍ സംവിധാനവും ഏകോപനവും ഇനിയെങ്കിലും ശക്തിപ്പെടുത്തിയേ മതിയാകൂ. എന്തുകൊണ്ടാണിത് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്? മരണത്തില്‍ കലാശിക്കുമ്ബോള്‍ മാത്രമാണിത് വാര്‍ത്തയാവുന്നത് എന്നതും ഓര്‍ക്കുക. ഇനിയെങ്കിലും രോഗികളെ കൃത്യസമയത്ത് സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കണം.
രണ്ടാമത്തെ വാര്‍ത്തയും ഭീതിദമാണ്. മുന്‍പ് കോവിഡ് ആംബുലന്‍സില്‍ രോഗിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചത് പൊലീസാണ്. ഇപ്പോള്‍ ഇതാ, മലപ്പുറത്ത് സമാന സാഹചര്യത്തില്‍ മറ്റൊരു രോഗിക്ക് നേരെ പീഡനശ്രമം ഉണ്ടായി എന്ന് വാര്‍ത്ത. ഗൗരവമുള്ള ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ ‘റേപ്പ് ജോക്ക്’ ആക്കി നിസ്സാരവല്‍ക്കരിക്കാനും, ഇവിടം സ്വര്‍ഗ്ഗരാജ്യമെന്ന് PR നടത്താനുമായിരുന്നു ശ്രമം. നമ്മുടെ കണ്മുന്നില്‍ നടന്ന, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ എത്ര നാള്‍ ഇങ്ങനെ നിഷേധിച്ച് മുമ്ബോട്ട് പോകാനാകും?
സമയത്തിന് ആംബുലന്‍സ് ലഭ്യമാക്കാനും, ആംബുലന്‍സില്‍ കയറുന്ന രോഗിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന ചര്‍ച്ച ഉണ്ടാകുന്നില്ല. ആ ചര്‍ച്ച ആള്‍ബലവും തിണ്ണമിടുക്കും ഉപയോഗിച്ച് ബുദ്ധിപൂര്‍വ്വം ഇല്ലാതാക്കുമ്ബോള്‍ ഓര്‍ക്കുക, നാളെ
നമ്മില്‍ ഒരാള്‍ക്കും ഇതൊക്കെ സംഭവിക്കാം. സര്‍ക്കാര്‍ മേഖലയില്‍ ആയാലും സ്വകാര്യമേഖലയില്‍ ആയാലും പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കപ്പെടണം.
സന്ദേശം കേള്‍ക്കുന്നതിനു പകരം സന്ദേശവാഹകനു നേരെ നിറയൊഴിക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഉറക്കം നടിച്ചത് കൊണ്ടോ എന്ത് ഫലം? അധികാരമോ പിടിപാടോ ഉള്ള ചിലര്‍ക്ക് ഇതൊക്കെ ‘ജോക്കും’, ‘പ്രതിച്ഛായയും’ മാത്രമാണ്. ഞാനുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ഇത് ജീവനും മരണവുമാണ്.
പരേതന് ആദരാഞ്ജലികള്‍. ഇത്രയും റിസോഴ്സുകള്‍ ഉണ്ടായിട്ടും ആധുനിക കേരളത്തില്‍ സമയത്തിന് ആംബുലന്‍സ് എത്തിക്കാന്‍ നമുക്കായില്ല. മാപ്പ്.
ഒരു സ്ത്രീയ്ക്ക് മിനിമം സുരക്ഷിതത്വം പോലും ഉറപ്പാക്കാന്‍ സാധിക്കാത്ത, കഴിവുകെട്ട പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അവരോടും തലകുനിച്ച്, അപമാനഭാരത്തോടെ ക്ഷമ ചോദിക്കുന്നു.