keralaKerala NewsLatest News

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി രാവണനോട് ഉപമിച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ

കോൺഗ്രസിൽ നിന്ന് സസ്‌പെൻഷൻ നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി രാവണനോട് ഉപമിച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്സ് ഫേസ്ബുക്കിൽ കുറിച്ചു.
“എത്ര അലങ്കരിച്ചാലും, എത്ര കഥകൾ പറഞ്ഞുപുകഴ്ത്തിയാലും, എത്ര മാരീചവേഷങ്ങൾ ഇറക്കി കാടിളക്കിയാലും — രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണെന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം,” എന്നായിരുന്നു താരയുടെ പരാമർശം.

രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും ഉന്നയിച്ചുകൊണ്ടാണ് താര വീണ്ടും രംഗത്ത് വന്നത്.

“സ്വഭാവത്തിലെ അടിസ്ഥാന ദോഷങ്ങളാണ് രാവണനെ വീഴ്ത്തിയത്. ഭരണം കൈവശമാക്കിയ ലങ്കയും സിംഹാസനവും നഷ്ടമായത്, ഒരു സീതയോടുള്ള അതിരുവിട്ട അഭിനിവേശം കൊണ്ടല്ലേ? രാവണന്റെ സ്ത്രീലമ്പട സ്വഭാവം മൂലം കരഞ്ഞ സ്ത്രീകളുടെ കഥകൾ പുരാണങ്ങളിലും ഉപകഥകളിലും നിറഞ്ഞിട്ടുണ്ട്. അതിനെ രാജസഗുണമെന്ന് കരുതി, മറ്റൊരാളെയും ഗൗനിക്കാതിരുന്ന രാവണന്റെ തെറ്റുകൾ — സാധാരണ മനുഷ്യർക്ക് പോലും മനസ്സിലാക്കാവുന്നതാണ്. നായകനായി നടിച്ച്, മറ്റുവില്ലന്മാരെ മുന്നിൽ നിറുത്തി കുഞ്ഞിരാമായണകഥകൾ എഴുതി നടിച്ചാലും, യഥാർത്ഥ കഥ നാട്ടുകാർ തിരിച്ചറിഞ്ഞു ജാഗരൂകരായപ്പോൾ സന്തോഷം മാത്രമാണ്,” താര കുറിച്ചു.

സ്ത്രീകളെതിരെ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, താര കൂട്ടിച്ചേർത്തു:
“അത്തരം കടന്നുകയറ്റങ്ങൾ അമ്മയെയോ, ഭാര്യയെയോ, മകളെയോ ബാധിച്ചാലും മിണ്ടാതെയും, ചിലപ്പോൾ സിന്ദാബാദ് വിളിച്ചും നിൽക്കുന്ന പുരുഷന്മാരെ ഓർത്താൽ സഹതാപം മാത്രമേ ഉണ്ടാകൂ. ധൈര്യമായി മുന്നോട്ട് വന്ന് സ്വന്തം അനുഭവങ്ങൾ പങ്കിടുന്ന സ്ത്രീകൾക്കുവേണ്ടി പോലും ഒരു വാക്ക് പറയാതെ, അവർക്കെതിരെ നിൽക്കുന്നവരും, അവർക്കുവേണ്ടി സംസാരിച്ചവരെ വ്യക്തിഹത്യ ചെയ്യാൻ കൂട്ടുനിൽക്കുന്ന ‘പസ്യൂഡോ സ്ത്രീപക്ഷ’ കൂട്ടങ്ങളെ ഓർത്താൽ പുച്ഛം മാത്രമാണ്.”

പുറത്താക്കപ്പെട്ടവന്റെ പിന്തുണക്കാരുടെയും സൈബർ ആക്രമണങ്ങളുടെയും നേരെ “അർഹിക്കുന്ന പുച്ഛത്തോടെ” തള്ളിക്കളയുന്നുവെന്നും താരാ ടോജോ അലക്സ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എത്രയലക്കി വെളുപ്പിച്ചാലും

എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും

എത്ര മാരീചവേഷങ്ങളെ

ഇറക്കി കാടിളക്കിയാലും

രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അറിയാം.

അടിസ്ഥാനപരമായ സ്വഭാവദോഷം കൊണ്ടാണ് മറ്റു പല ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും രാവണന്‍ വീണു പോയതെന്നും രാവണന്റെ ഭാഗത്ത് ന്യായമില്ലായിരുന്നു എന്ന് എത്ര മറച്ചാലും വെളിച്ചത്തു വന്നിരിക്കും.

അടക്കി ഭരിച്ച ലങ്കയും നേടിയ ക്ഷണിക സിംഹാസനങ്ങളും നഷ്ടമായത് ഒരു സീതയോട് തോന്നിയ അതിരുവിട്ട അഭിനിവേശം കൊണ്ടല്ലല്ലോ. ഉപകഥകളിലൊക്കെ രാവണന്റെ ലമ്പടത്തം കൊണ്ട് കരഞ്ഞ സ്ത്രീകളുടെ തേങ്ങലുണ്ടായിരുന്നല്ലോ.?

അതൊക്കെ തന്റെ രാജസ ഗുണമെന്ന് അഹങ്കരിച്ച് ആരേയും ഗൗനിക്കാതിരുന്ന രാവണന് പിഴച്ചത് എവിടെയാണന്ന് അരിയും ഗോതമ്പും കഴിക്കുന്ന മനുഷ്യരായി പിറന്നവര്‍ക്ക് മനസ്സിലാകും.

നായകനായി സ്വയമവരോധിച്ച് നിഴലായി മറ്റ് വില്ലന്‍മാരെ വച്ച് പുതിയ ഇക്കിളി ഉണര്‍ത്തുന്ന അനേകായിരം കുഞ്ഞിരാമായണകഥകള്‍ എഴുതിയാലും പാടി നടന്നാലും,

മൂലകഥ വെളിപ്പെട്ടു വന്ന് നാട്ടുകാര്‍ അറിഞ്ഞതിലും ജാഗരൂകരായതിലും സന്തോഷം മാത്രം.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇന്‍ബോക്‌സുകളില്‍ പോയി പഞ്ചാര വര്‍ത്തമാനം പറയുകയും അതില്‍ വീണു പോയവരുടെ മേല്‍ കടന്നു കയറ്റങ്ങള്‍ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയര്‍ന്ന ആദ്യ ദിവസം മുതല്‍ അയാള്‍ക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതില്‍ ഇന്നും അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്നതില്‍ അഭിമാനം മാത്രം.

എന്നെ പോലൊരു സാധാരണക്കാരി കയ്യൊന്നു ഞൊടിച്ചാലുടന്‍, ജീവിതത്തില്‍ ഇന്ന് വരെ കണ്ടിട്ട് പോലുമില്ലാത്ത നിരവധി സ്ത്രീകള്‍ മീഡിയയില്‍ പോയി നിരന്നുനിന്ന് അവരുടെ ആവലാതികള്‍ തുറന്നുപറഞ്ഞ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ മാത്രം ശക്തമാണ് എന്റെ സ്വാധീനം എന്നും, അതൊന്നു നിര്‍ത്തിക്കാന്‍ കേരളത്തിലെ മുഴുവന്‍ നേതാക്കളും വിചാരിച്ചിട്ടും നടന്നില്ല എന്നും പാടി നടന്നാല്‍ അതില്‍ അഭിമാനം മാത്രം.

അത്തരം കടന്നുകയറ്റങ്ങള്‍ അവനവന്റെ അമ്മ പെങ്ങന്‍മാരിലോ ഭാര്യയിലോ പെണ്‍മക്കളിലോ എത്തിച്ചേര്‍ന്നാലും അതിനും വരാന്തയില്‍ നിന്ന് ചൂട്ടുപിടിച്ച് വീശികൊടുക്കാനും, സിന്ദാബാദ് വിളിക്കാനും നില്‍ക്കുന്ന, മജ്ജയും മാംസവും ജീവനുണ്ടെന്ന് പറയപ്പെടുന്ന പുരുഷ മാംസപിണ്ഡങ്ങളെ ഓര്‍ത്ത് സഹതാപം മാത്രം.

ഉറപ്പുള്ള നട്ടെല്ലും, ആത്മാഭിമാനബോധവുമുള്ള സ്ത്രീകള്‍ അവര്‍ നേരിട്ട കടന്നുകയറ്റങ്ങളെ കുറിച്ച് പറയാന്‍ ധൈര്യമായി മുന്നോട്ടു വരുമ്പോള്‍ സ്വന്തം ലിംഗത്തില്‍ പെട്ട അവര്‍ക്കുവേണ്ടി ഒരു വാക്കെങ്കിലും നെഞ്ച് നിവര്‍ത്തി നിന്നു പറയാതെ.. അവരെ മനുഷ്യരെന്നും പോലും പരിഗണിക്കാതെ അവര്‍ക്കെതിരെ നിന്ന്, അവര്‍ക്കുവേണ്ടി സംസാരിച്ചവരെ വ്യക്തിഹത്യ ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന , കുറ്റാരോപിന്റെ വിസര്‍ജ്യം പോലും അമൃതായി കരുതുന്ന pseudo സ്ത്രീപക്ഷ നാരി വിപ്ലവ ഗണങ്ങളെ ഓര്‍ത്ത് പുച്ഛം മാത്രം.

എല്ലാ വ്യക്തികള്‍ക്കും മേലെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനമെന്നും, ഇത്തരം പുഴുക്കുത്തുകളെ ആയിരം കിലോമീറ്റര്‍ അകലെ അകറ്റി നിര്‍ത്തപ്പെടേണ്ടതാണ് എന്നതാണ് അന്നും ഇന്നും എന്നേക്കും എന്റെ നിലപാട്. അതില്‍ അഭിമാനം മാത്രം.

പുറത്താക്കപ്പെട്ടവന്റെ വെട്ടുകിളികളുടെയും ഫാന്‍സ് അസോസിയേഷന്‍കാരുടെയും മൂന്നാംകിട ആക്രമണങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ (ആത്മഗതം: പോയി തരത്തില്‍ കളിക്കെടാ) തള്ളികളയുന്നു.

ഇവിടെയുള്ള ഞാനും നിങ്ങളും ഇന്ന് നയിക്കുന്നവരും എല്ലാം ചത്തു മലച്ചാലും പ്രസ്ഥാനം ഇവിടെ ഉണ്ടാകണം. ഉണ്ടായിട്ടുണ്ട്. ഉണ്ടാകും.

അപ്പൊ ശരി.

ജയ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

ജയ് ഹിന്ദ്.

Tag: Congress Digital Media Cell Coordinator indirectly likens MLA Rahul Mangkootatil to Ravana

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button