കോണ്‍ഗ്രസിന് ചങ്കിടിപ്പ്: പുതിയ പാര്‍ട്ടിയുമായി ക്യാപ്റ്റന്‍ രംഗത്തേക്ക്
ചണ്ഡിഗഡ്: വിവിധ സര്‍വേകളില്‍ പഞ്ചാബില്‍ അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായ കോണ്‍ഗ്രസിന് അടുത്ത അടിയുമായി മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആഴ്ചകള്‍ക്കുശേഷമാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം.
പാര്‍ട്ടിയില്‍ നേരിടുന്ന അപമാനം തനിക്ക് തുടരാനാകില്ലെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് സെപ്റ്റംബര്‍ 18ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. നിയമസഭാകക്ഷി നേതാവ് കൂടിയായ മുഖ്യമന്ത്രിയെ അറിയിക്കാതെ പാര്‍ട്ടി പഞ്ചാബില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ യോഗം വിളിച്ചതിന് ശേഷമാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്.
പഞ്ചാബിലെ രാഷ്ട്രീയ നാടകം ആരംഭിച്ചത് അമരീന്ദര്‍ സിംഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് ജൂലൈയില്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി നവജ്യോത് സിംഗ് സിദ്ദുവിനെ നിയമിച്ചതു കൊണ്ടാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് 12 ദിവസങ്ങള്‍ക്ക് ശേഷം താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായി ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു.
ഇതോടെ ക്യാപ്റ്റന്റെ ഭാവി രാഷ്ട്രീയ നടപടികളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. അമിത് ഷായുമായുള്ള കൂടിക്കാഴ്ച അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ ഒരു ഡസനോളം കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.