ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളോട് മൃദുസമീപനം,ഫേസ്ബുക്ക് സ്വീകരിച്ച നടപടികൾ അറിയാൻ കോൺഗ്രസ്സ് രണ്ടാമതും കത്ത് നൽകി.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണം അന്വേഷിക്കാൻ ഫേസ്ബുക്ക് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിന് രണ്ടാമതും കത്ത് നൽകി. ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാൻ ഫേസ്ബുക്കിൽ അനുവദിക്കുന്നുണ്ടെന്നുംഅന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിന് പിന്നാലെ ആഗസ്റ്റ് 17 ന് സുക്കർബർഗിന് നേരത്തെ കത്തയച്ചിരുന്നതാണ്.
ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫേസ് ബുക്ക് സ്വീകരിക്കുന്ന നടപടികൾ അറിയണമെന്ന് ആവശ്യപ്പെട്ടാണ് വേണുഗോപാൽ മാർക്ക് സക്കർബർഗിന് രണ്ടാമത്തെ കത്ത് നൽകിയിരിക്കുന്നത്. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിൻ തെളിവുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും കോൺഗ്രസ് കത്ത് നൽകിയിരിക്കുന്നത്.