വസിം റിസ്വിയുടെ തലയ്ക്ക് അരക്കോടി വിലയിട്ട് കോണ്‍ഗ്രസ് നേതാവ്

ഹൈദരാബാദ്: ഹിന്ദുമതം സ്വീകരിച്ച മുന്‍ യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വിയുടെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട് കോണ്‍ഗ്രസ് നേതാവ്. ഹൈദരാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഫിറോസ് ഖാനാണ് വസിം റിസ്വിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. റിസ്വി ഹിന്ദുമതം സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രണ്ടാഴ്ച മുന്‍പ് ചിത്രീകരിച്ച വീഡിയോ തീവ്ര ഇസ്ലാമിസ്റ്റുകള്‍ വ്യാപകമായി ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്.
ഹൈദരാബാദില്‍ നടന്ന പാര്‍ലമെന്ററി ഇലക്ഷനില്‍ അസാദുദീന്‍ ഒവൈസിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തിയാണ് ഫിറോസ് ഖാന്‍. വിദ്വേഷപരവും അങ്ങേയറ്റം മോശം വാക്കുകളുമാണ് ഫിറോസ് ഖാന്‍ ഈ വീഡിയോയില്‍ ഉടനീളം വസിം റിസ്വിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്.
ആരെങ്കിലും വസിം റിസ്വിയെ കണ്ടാല്‍ ഉടനെ കൊലപ്പെടുത്തണമെന്ന് ഫിറോസ് ഈ വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നു. ‘അയാളുടെ തലയുമായി നിങ്ങള്‍ എന്റെ അടുത്ത് വരൂ. ഞാന്‍ നിങ്ങള്‍ക്ക് അന്‍പത് ലക്ഷം തരാം. ആര് അയാളെ കൊല്ലുന്നുവോ, കോടതിയിലും ആ വ്യക്തിയുടെ കേസ് നടത്താന്‍ സഹായിക്കാം. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ എവിടെ വേണമെങ്കിലും പോകാം. എല്ലായിടത്തും എന്റെ അഭിഭാഷകര്‍ നിങ്ങള്‍ക്കായി നിലകൊള്ളും. നിങ്ങള്‍ക്ക് എന്റെ എല്ലാ വിധ സഹായവും പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. റിസ്വിക്ക് ജീവിക്കാനുള്ള അധികാരമില്ല. നിങ്ങളെന്നെ കേള്‍ക്കുന്നുവെങ്കില്‍ അള്ളാഹുവിന്റെ പേരില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ക്ക് എന്റെ പിന്തുണയുണ്ടാകും’ എന്നാണ് ഫിറോസ് ഈ വീഡിയോയില്‍ പറയുന്നത്.
മരണശേഷം തന്റെ ഭൗതികശരീരം മറവ് ചെയ്യരുതെന്നും പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടിട്ടുണ്ട്.