കോൺഗ്രസ് എംപി ആർ. സുധയുടെ മാല മോഷ്ടിച്ച കേസ്; പ്രതിയെ പൊലീസ് പിടികൂടി
കോൺഗ്രസ് എംപി ആർ. സുധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മാലയും പൊലീസ് കണ്ടെടുത്തു.
രാജ്യ തലസ്ഥാനത്തെ അതീവ സുരക്ഷ പ്രദേശമായ ചാണക്യപുരിയിൽ, സുധ താമസിക്കുന്ന തമിഴ്നാട് ഭവൻ സമീപത്ത് നിന്നായിരുന്നു മല മോഷ്ടിക്കപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ, ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി എംപിയുടെ കഴുത്തിൽ നിന്നുള്ള മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു. സംഭവ സമയത്ത് ബഹളം വിളിച്ചിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും, പട്രോളിങ് ചെയ്തിരുന്ന പൊലീസുകാരെ സമീപിച്ചപ്പോൾ പോലും അവർ ഉദാസീനമായ പ്രതികരണമാണ് കാട്ടിയതെന്നും സുധാ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു.
വിദേശ എംബസികളും വിഐപി വസതികളും നിറഞ്ഞ ഏറ്റവും സുരക്ഷിത മേഖലയിലുണ്ടായ മോഷണം പൊലീസിനെതിരെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Tag: Congress MP R. Sudha’s necklace theft case; Police arrest accused