കോൺഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ‘ഫ്രീഡം നൈറ്റ് മാർച്ച്’ സംഘടിപ്പിക്കും; രാത്രി എട്ട് മണിക്ക് ആരംഭിക്കും
കോൺഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ‘ഫ്രീഡം നൈറ്റ് മാർച്ച്’ സംഘടിപ്പിക്കും. വോട്ട് കൊള്ളാരോപണത്തെ തുടർന്ന് രാഹുൽ ഗാന്ധിയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായാണ് കെ.പി.സി.സി ഈ മാർച്ച് സംഘടിപ്പിക്കുന്നത്. പതിനാലു ഡിസിസികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക. എല്ലാ ജില്ലകളിലും രാത്രി എട്ട് മണിക്ക് പരിപാടി ആരംഭിക്കും.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള സംസ്ഥാനതല ഉദ്ഘാടന മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വയനാട്ടിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും, കണ്ണൂരിൽ കെ. സുധാകരനും നേതൃത്വത്തിൽ പങ്കെടുക്കും.
വോട്ട് കൊള്ളയ്ക്കും ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധങ്ങളും മെഴുകുതിരി മാർച്ചുകളും സംഘടിപ്പിക്കും. പ്രധാന നഗരങ്ങളിൽ മെഗാ റാലികളും ഉണ്ടായിരിക്കും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ രാജ്യവ്യാപക ക്യാമ്പയിനുകളുടെ ഭാഗമായി 5 കോടി ഒപ്പുകൾ പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിക്കും.
ഈ മാസം 17-ന് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബീഹാറിൽ നിന്ന് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ഈ യാത്ര ബീഹാറിലെ 30-ലധികം ജില്ലകളിലൂടെ കടന്നുപോകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ് തുടങ്ങി പ്രമുഖ നേതാക്കൾ യാത്രയിൽ പങ്കെടുക്കും.
Tag; Congress to organize ‘Freedom Night March’ across the state today; will start at 8 pm