ക്യാപ്റ്റന്റെ നീക്കമറിയാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നെഹ്‌റു കുടുംബം അപമാനിച്ച് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ അടുത്ത നീക്കമറിയാതെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിന് കേവലം ആറു മാസം മാത്രമാണ് മുന്നിലുള്ളത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞുവന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃപാടവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.
പൊതുജനപിന്തുണ ഏറെയുള്ള അമരീന്ദര്‍ ബിജെപി പാളയത്തിലേക്കു ചേക്കേറിയാല്‍ ആടി നില്‍ക്കുന്ന രാജസ്ഥാനും പഞ്ചാബിനൊപ്പം നഷ്ടമാവുമെന്ന ഉള്‍ഭയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്. പക്വതയില്ലായ്മയുടെ പ്രതിരൂപമാണ് സിദ്ദു. നവജ്യോത് സിംഗ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. എന്റെ സര്‍ക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാള്‍. ഞാന്‍ അദ്ദേഹത്തിന് നല്‍കിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞില്ലെന്നാണ് അമരീന്ദര്‍ സിദ്ദുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അമരീന്ദറിന്റെ വിലയിരുത്തല്‍ തള്ളിക്കളയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കുകയില്ല.
ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ അലട്ടിയിരിക്കുകയുമാണ്. പുതുമുഖങ്ങളെ നേതൃനിരയിലേക്കുയര്‍ത്താന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന രാഹുലിന് സിദ്ദുവിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരിക്കാം. കാരണം സിദ്ദു മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ അടുത്ത സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു. അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും വാര്‍ത്താഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
സിദ്ദുവല്ല, അദ്ദേഹത്തിന്റെ നോമിനിയായ ചരണ്‍ജിത് സിംഗ് ചന്നിയാണ് മുഖ്യമന്ത്രിയായത്. അമരീന്ദറിന്റെ പിന്‍ഗാമിയായി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ സിദ്ദു നടത്തിയ ചരടുവലികള്‍ രണ്‍ധാവെയുടെ സാധ്യതകളെയില്ലാതാക്കി. രണ്‍ധാവെയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ സിദ്ദുവിനെതിരെ രംഗത്തുണ്ട്. മാത്രമല്ല ഇവരില്‍ ഭൂരിഭാഗവും അമരീന്ദറിനെ പിന്തുണയ്ക്കുന്നവരുമാണ്.
രാജസ്ഥാനിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വര്‍ഷങ്ങളായി സാധിച്ചിട്ടില്ല. രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കാര്യമായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ ജനപിന്തുണ നേരിട്ടറിയാവുന്നതിനാല്‍ രാഹുല്‍ അതിനെ പിന്തുണയ്ക്കാതിരിക്കുകയാണ്. അതിനിടയിലാണ് സിദ്ദു അടുത്ത തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
അമരീന്ദറിനെ പിണക്കിയാല്‍ പഞ്ചാബ് നഷ്ടപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപ്പബ്ലിക് ചാനലുമായി യാതൊരു ബന്ധവും പാടില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തിന് പുല്ലുവില കല്‍പിച്ച് അമരീന്ദര്‍ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുമിക്ക് കഴിഞ്ഞ ദിവസം അഭിമുഖം അനുവദിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ബിജെപിയുടെ നാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന അര്‍ണബ് ഗോസ്വാമിയുമായുള്ള അഭിമുഖം അമരീന്ദര്‍ എന്‍ഡിഎയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കര്‍ഷകസമരത്തിന്റെ കാര്യത്തിലും ഭീകരാക്രമണത്തിന്റെ കാര്യത്തിലുമെല്ലാം കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നതാണ് അമരീന്ദര്‍ ചെയ്ത മഹാ അപരാധമെന്ന് നെഹ്‌റു കുടുംബം പറയുന്നത്. അര്‍ണബ് ഗോസ്വാമിയോടാണ് ക്യാപ്റ്റന്‍ താന്‍ അപമാനിക്കപ്പെട്ടാണ് മുഖ്യമന്ത്രി പദത്തില്‍ നിന്നും പടിയിറങ്ങുന്നതെന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത് അമരീന്ദര്‍ ഇനിയെന്തു തീരുമാനമെടുക്കുമെന്നാണ്.
സ്വന്തമായി പുതിയൊരു പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയുമായി സഹകരിക്കുമോ അതോ ബിജെപിയില്‍ അംഗത്വം സ്വീകരിക്കുമോ എന്നകാര്യമാണ് അറിയാനുള്ളത്. പാര്‍ട്ടിയോടുള്ള കൂറിനേക്കാള്‍ രാജ്യത്തോടാണ് തനിക്കു കൂറെന്ന് മുന്‍ പട്ടാളക്കാരനായ അമരീന്ദര്‍ പലതവണ തെളിയിച്ചിട്ടുണ്ട്. കര്‍ഷകസമരത്തില്‍ പഞ്ചാബില്‍ ജനപിന്തുണ കുറഞ്ഞ ബിജെപിക്ക് ക്യാപ്റ്റന്റെ രംഗപ്രവേശം പുതിയ ഊര്‍ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.