ധര്‍മ്മടത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയായില്ല ; സുധാകരന്റെ സമ്മതം കാത്തിരിക്കുന്നെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് മേല്‍ സമ്മര്‍ദ്ദം ഏറുന്നു മത്സരിക്കാനില്ലെന്ന നിലപാട് സുധാകരന്‍ എടുത്തിട്ടുണ്ടെങ്കിലും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും കണ്ണൂരിലെ പ്രാദേശിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ്.
മത്സരിക്കുന്ന കാര്യത്തില്‍ സുധാകരന്റെ മനസ്സ് മാറ്റാന്‍ കണ്ണൂര്‍ ഡിഡിസി പ്രവര്‍ത്തകരും മണ്ഡലം ഭാരവാഹികളും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ധര്‍മ്മടത്ത് കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും താന്‍ അടക്കമുള്ളവര്‍ കെ. സുധാകരന്റെ സമ്മതം കാത്തിരിക്കുകയാണെന്നും പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്നിരിക്കെ ഏതു വിധേനെയും സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കേരള നേതാക്കളുടെ ശ്രമം.
നേരത്തേ താന്‍ മത്സരിക്കാനില്ലെന്ന നിലപാട് സുധാകരന്‍ എടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരേ ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ അവസാന ഘട്ടത്തില്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം. നേരത്തേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും എ.കെ. ആന്‍ണിയും ഉള്‍പ്പെടെയുള്ളവര്‍ സുധാകരനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഹൈക്കമാന്റ് സംസ്ഥാനത്തിന് വിട്ടിരിക്കുകയാണ്. നേരത്തേ വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ മത്സരിപ്പിക്കാനായിരുന്നു മുല്ലപ്പള്ളി തീരുമാനിച്ചിരുന്നത്.