സാമ്പത്തിക സംവരണത്തെ കോൺഗ്രസ് എതിര്‍ക്കില്ല, ലീഗിനെ ബോധ്യപ്പെടുത്തും.

തിരുവനന്തപുരം/ സാമ്പത്തിക സംവരണത്തെ എതിര്‍ക്കില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി. കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്തുമെന്നും, പിന്നാക്കക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം,മുന്നാക്ക സംവരണം നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സംവരണ സമുദായങ്ങളുടെ കൊച്ചിയിൽ ചേർന്ന സംയുക്ത യോഗം ആവശ്യപ്പെട്ടു. ലീഗടക്കമുള്ള വിവിധ മുസ്ലിം സംഘടനകളും ഇതര സംവരണ സമുദായ സംഘടനാ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംവരണ സമുദായ മുന്നണി. ഈ മാസം 31ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സമുദായ മുന്നണിയുടെ സംസ്ഥാനതല യോഗത്തില്‍ തീരുമാനം എടുക്കുകയായിരുന്നു.
ഈ വിഷയത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഉടന്‍ നിലപാട് അറിയിക്കണമെന്നും സംവരണ സമുദായ മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ സംവരണ സമുദായ സംഘനടനകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.എസ്എന്‍ഡിപി പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധ്യ അവകാശങ്ങള്‍ അട്ടിമറിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.കോണ്‍ഗ്രസ് നിലപാടില്‍ പിന്നീട് പ്രതികരിക്കാമെന്ന് ചര്‍ച്ചയ്ക് എത്തിയ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ രംഗത്തെത്തിയിരുന്നു. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തു വരുന്നുവെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞിരുന്നു.