നിലവിളക്ക് കൊളുത്തരുത്, ഷൂസ് ഊരില്ലെന്നും വരന്‍; കെട്ടിയ താലി തിരിച്ചുനല്‍കി വധു
കൊല്ലം: വിവാഹവേദിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരന് തന്നെ തിരിച്ച് നല്‍കി വധു. പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച് തന്നെ മറ്റൊരു യുവാവ് താലി ചാര്‍ത്തി. കൊല്ലം കടയ്ക്കലില്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചത്. വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് വിവാഹം നടത്തിയത്. വിവാഹ സമയത്ത് വേദിയിലെത്തിയ വരന്‍ ഷൂസ് മാറ്റാന്‍ കഴിയില്ലെന്ന് വാശി പിടിച്ചു. വിവാഹ വേദിയില്‍ നിലവിളക്ക് കൊളുത്തരുതെന്നും യുവാവ് പറഞ്ഞതോടെ തര്‍ക്കമായി.
ഒടുവില്‍ വരന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതിയുടെ വീട്ടുകാര്‍ വേദിക്ക് പുറത്ത് വച്ച് വിവാഹം നടത്തി. എന്നാല്‍ താലി കെട്ടിയ ശേഷം മടങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തര്‍ക്കമുണ്ടായി. ഇതോടെ തര്‍ക്കം ഇരുവീട്ടുകാരും തമ്മിലായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
പിന്നീട് ബന്ധുക്കളുടെ നിര്‍ദേശാനുസരണം പെണ്‍കുട്ടി യുവാവിന് കെട്ടിയ താലി തിരിച്ച് നല്‍കി. ഇതിന് ശേഷം ബന്ധുവായ യുവാവ് അതേവേദിയില്‍ വച്ച് തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്തു.