രാമക്ഷേത്രത്തിന് ആയിരം രൂപ സംഭാവന നല്‍കി എല്‍ദോസ് കുന്നപ്പിള്ളി; വിവാദം

അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തില്‍ പങ്കാളിയായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ആര്‍എസ്‌എസിന്‍ ജില്ല പ്രചാരക് അജേഷ്കുമാറിന് കുന്നപ്പിള്ളി പണം നല്‍കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസില്‍ വെച്ചായിരുന്നു സംഭാവന.
സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക് കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്കാറുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വിശദീകരിച്ചു.
നേരത്തെ ആലപ്പുഴയില്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി സംഭാവന നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനോടകം നിരവധിയാളുകള്‍ ക്ഷേത്രത്തിന് സംഭാവന നല്‍കി കഴിഞ്ഞു.