സൗമ്യ സന്തോഷിനെ ഇസ്രയേൽ ജനത മാലാഖയായി കാണുന്നുവെന്ന് കോൺസൽ ജനറൽ ജോനാഥൻ സഡ്ക
ഇടുക്കി: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖയായാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ ജോനാഥൻ സഡ്ക. സൗമ്യയുടെ വീട് സന്ദർശിച്ച് ആദരാഞ്ജലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗമ്യ തീവ്രവാദ ആക്രമണത്തിൻറെ ഇരയാണ്. ഇസ്രയേൽ ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും ജോനാഥൻ സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിൻറെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നൽകി.
സൗമ്യയുടെ സംസ്കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
സൗമ്യ ഹോം നഴ്സായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്കെലോൺ നഗരത്തിലെ വീടിനു മുകളിൽ ചൊവ്വാഴ്ച റോക്കറ്റ് പതിക്കുകയായിരുന്നു. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കവേയാണ് റോക്കറ്റ് പതിച്ച് സൗമ്യ കൊല്ലപ്പെട്ടത്. 2017ലാണ് അവസാനമായി നാട്ടിൽ വന്നത്.