വലിയമല ഐ.എസ്.ആര്‍.ഒയിലെ കരാര്‍ തൊഴിലാളികള്‍ പട്ടിണിയിലേക്ക്.

സർവ്വ തൊഴിൽ മേഖലയെയും വരിഞ്ഞുമുറുക്കി കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ, ജീവിതം തന്നെ വഴി മുട്ടി
വലിയമല ഐ.എസ്.ആര്‍.ഒയിലെ കരാര്‍ തൊഴിലാളികള്‍ അർദ്ധ പട്ടിണിയിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.
കോവിഡ് വിതച്ച ഭീകരതയുടെ സാക്ഷ്യപ്പെടുത്തലാണ് തിരുവനന്തപുരം വലിയമല ഐ.എസ്.ആര്‍.ഒയിലെ കരാര്‍ തൊഴിലാളികള്‍ക്ക് പറയാനുള്ളത്. ജോലിയും ശമ്പളവും നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, ചിലരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ വരുമാനം നിലച്ച അവസ്ഥയിലാണ് രണ്ടായിരത്തോളം വരുന്ന കരാര്‍ ജീവനക്കാര്‍.
കഴിഞ്ഞ അഞ്ചു മാസങ്ങളായി ഇവർക്ക് ശമ്പളമില്ല. ബന്ധുക്കളായ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളായ സുഹൃത്തുക്കളിൽ നിന്നുമൊക്കെ വാങ്ങാവുന്നത്ര കടം വാങ്ങി. ഇനി ആരും അഞ്ചു പോലും സഹായിക്കാനില്ലാത്ത അവസ്ഥയാണ് രണ്ടായിരത്തോളം കുടുംബങ്ങൾക്ക്. സർക്കാരിൽ നിന്ന് കിട്ടുന്ന റേഷൻ കൊണ്ട് ഒരുനേരത്തെ നിത്യവൃത്തി കഴിക്കുന്ന ഈ കുടുംബങ്ങൾ മുട്ടുന്നവതിലുകൾ ഒക്കെ നിഷേധ സ്വരത്തോടെ കൊട്ടിയടക്കപെടുകയാണ്.
എല്‍.പി.എസ്.സി വലിയമല സെക്ഷനിൽ ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ പൂര്‍ണ്ണമയും എല്ലാ സെക്ഷനുകളും അടച്ചുപൂട്ടി. ജീവനക്കാരെല്ലാം തിരികെ വീട്ടിലേക്ക് പോയിരുന്നു. ഏപ്രില്‍ മാസം വരെയാണ് ഇവർക്ക് ശമ്പളം ലഭിച്ചത്. ഐ.എസ്.ആര്‍.ഒയ്ക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. ഈ പ്രശ്‌നങ്ങളൊക്കെ കഴിയുമ്പോള്‍ തിരികെ ജോലിയ്ക്ക് കയറാന്‍ കഴിയുമെന്ന പ്രതീക്ഷ ഇവർക്കുണ്ടായിരുന്നു. എന്നാല്‍, മെയില്‍ അണ്‍ലോക്ക് മൂന്ന് പ്രഖ്യാപിച്ചപ്പോള്‍ ആ പ്രതീക്ഷയും നഷ്ടമായി. ആ സമയത്ത് തിരുവനന്തപുരത്തുള്ള ജീവനക്കാരെ വെച്ച് ജോലി ചെയ്യാനായിരുന്നു അറിയിപ്പ്. എന്നാല്‍ ആ ലിസ്റ്റിലും കരാർ ജീവനക്കാരുടെ പേരുകൾ ഇല്ലായിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥര്‍ തന്നെ ഐ.എസ്.ആര്‍.ഒ അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടി അവരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് കരാർ ജീവനക്കാർ പരിതപിക്കുന്നത്.
വലിയമലയിലെ കരാർ തൊഴിലാളികൾ കോവിഡിന്റെ ദുരന്തത്തിൽ പട്ടിണി എന്തെന്നത് തിരിച്ചറിയുമ്പോൾ,
വി.എസ്.എസ്. സി വട്ടിയുർക്കാവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഒന്നും തന്നെയില്ല. ലോക്ഡൗണിന് ശേഷം മെയ് മാസത്തില്‍ അവിടുത്തെ ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 15000 രൂപ നൽകിയിരുന്നു. കൂടാതെ ജൂലൈയില്‍ വീണ്ടും 10000 രൂപ നല്‍കി. ഐ.എസ്.ആര്‍.ഒയിലെ കരാർ തൊഴിലാളികള്‍ക്കായി തൊഴില്‍ സംഘടനകളോ ട്രേഡ് യൂണിയനുകളോ ഇല്ല. എന്നാല്‍ വി.എസ്.എസ്.സി കേന്ദ്രീകരിച്ച് ധാരാളം ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
കരാർ തൊഴിലാളികളുടെ കാര്യത്തില്‍ അത്തരത്തില്‍ യാതൊരു നടപടിയുമില്ല. കരാറടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന പലരെയും ഇപ്പോള്‍ എല്‍.പി.എസ്.സി നിന്ന് പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. കരാർ നിയന്ത്രിക്കുന്ന കമ്പനിയുടെ സെക്ഷന്‍ ഹെഡിനോടും, ഡിവിഷന്‍ ഹെഡിനോടും ഇക്കാര്യം ചോദിച്ചപ്പോഴും പൊസീറ്റിവായ യാതൊരു മറുപടിയും കിട്ടിയിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ ജീവനക്കാരോട് പറഞ്ഞത്. ജീവനക്കാർ
ക്കൊപ്പം തന്നെ, ഇത്തരത്തിൽ കരാർ ഏറ്റെടുത്ത് നടത്തുന്ന കമ്പനികളെയും ഇത് സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.
ജോലി ചെയ്ത പരിചയം ആണ് ഇവിടുത്തെ തൊഴിലാളികൾക്ക് ഭാവിയില്‍ മുതല്‍ക്കൂട്ടായി ബാക്കിയുള്ളത്. എന്നാല്‍ ഈ ജോലിയെ സംബന്ധിച്ചിടത്തോളം, ഇനി അഞ്ച് സ്ഥാപനങ്ങളിലേക്ക് മാത്രമേ ഇവർക്ക് ജോലിയ്ക്കായി അപേക്ഷിക്കാനാകൂ. സ്‌പേസ് ആപ്ലിക്കേഷന്റെ വര്‍ക്കുകള്‍ നടക്കുന്ന വലിയമല ഐ.എസ്.ആര്‍.ഒ, തുമ്പ വി.എസ്.എസ്.സി, ശ്രീഹരിക്കോട്ട, എന്നിവിടങ്ങളില്‍ മാത്രമേ ജോലി ലഭിക്കുകയുള്ളു. വേറേ ഒരു ജോലി കിട്ടാന്‍ തന്നെ വളരെ പ്രയാസമാണ്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കരാർ തൊഴിലാളികള്‍ ഒന്നടങ്കം.
കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതികളുമുണ്ടെന്നതും ഇവർക്ക് തിരിച്ചടിയാണ്. ജോലി പോയാല്‍ പരാതി നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇവിടുത്തെ ജീവനക്കാർ. എത് നിമിഷം വേണമെങ്കിലും ജോലി നഷ്ടപ്പെടാമെന്ന ആശങ്കയാണ് തൊഴിലാളികൾ എല്ലാം തന്നെ പങ്കുവെക്കുന്നത്.
ഏകദേശം ആയിരത്തിലധികം പേരുടെ ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍ ഉള്ളത്. ഫണ്ടില്ലെന്ന് പറഞ്ഞാണ് ജോലി നിഷേധിക്കുന്നത്. പക്ഷെ ഈ കാരണം പറഞ്ഞ് വലിയമലയില്‍ മാത്രമാണ് തൊഴിലാളികളെ ഒഴിവാക്കുന്നത്. ബാക്കിയുള്ള ഐ.എസ്.ആര്‍.ഒ സെന്ററുകളിലെല്ലാം തന്നെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കൊന്നും ഈ പ്രശ്‌നം ബാധിച്ചിട്ടില്ല. കരാറിന്റെ കാലാവധി നിലനില്‍ക്കെയാണ് ജോലി തുടരാന്‍ കഴിയില്ലെന്ന് കടുംപിടിത്തം പിടിക്കുന്നത്.
സ്വകാര്യവത്കരണത്തിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും ആക്ഷേപമുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ, ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിലും അറിയിപ്പ് വന്നിരുന്നു. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുഴുവനും നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവൊന്നും വലിയമലയിലെ ജീവനക്കാരുടെ കാര്യത്തില്‍ നടപ്പായില്ല.
വലിയമല എല്‍.പി.എസ്.സിയുടെ ഡയറക്ടര്‍ വളരെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും കരാര്‍ ജീവനക്കാരുടെ മാനസിക സ്ഥിതിയെപ്പറ്റി അദ്ദേഹം ആലോചിക്കുന്നില്ലെന്നും മനുഷത്വപരമായ സമീപനമല്ല ഉണ്ടാകുന്നതെന്നും തൊഴിലാളികൾ പരാതി പറയുന്നു.
തിരുവനന്തപുരത്ത് തന്നെ തുടരേണ്ടതിനാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കനിവിലാണ് ഇത്രയും നാൾ ഇവർ പിടിച്ചു നിന്നത്. പക്ഷെ മാസങ്ങൾ നീളുന്നതോടെ അ സഹായവും ഇല്ലാതാവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനാകൂ.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ജനജീവിതത്തെ പൂർണ്ണമായും സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ആരോഗ്യ മന്ത്രിയുടെ പ്രസ്ഥാവന പ്രകാരം സംസ്ഥാനത്തിൻ്റെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. കോവിഡിൻ്റെ ആദ്യ നാളുകളിൽ ഒരു പരിധി വരെ കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞെങ്കിലും ഇപ്പോൾ കാര്യങ്ങൾ എല്ലാം തന്നെ നിയന്ത്രണാതീതമായ അവസ്ഥയിലേക്കാണ് നീങ്ങുകയാണ്. കോവിഡ് താണ്ഡവം ഭീകരമായി തുടരുമ്പോൾ അത് തൊഴിൽ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. തൊഴില്‍രഹിതര്‍ക്കും കാരാർ ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്ക് ജീവിതത്തിനായി മുന്നിലുള്ള വഴികള്‍ ഒന്നൊന്നായി കൊറോണ ഇല്ലാതാക്കുകയാണ്. ഈ സമയത്ത് ഏറെ ആവശ്യമായി വരുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുൾപ്പടെ ജോലി നഷ്ടപ്പെടുന്ന സ്ഥിതി വിശേഷം, തൊഴിലില്ലായ്മയുടെ ഭീകരത വെളിവാക്കുകയാണ്സം. സ്ഥാനത്തെ ഭൂരിഭാഗം യുവാക്കളും, തൊഴില്‍രഹിതരായ മനുഷ്യരും കനത്ത ആശങ്കയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജീവിക്കാനുള്ള വരുമാന മാര്‍ഗ്ഗം എങ്ങിനെ കണ്ടെത്തും എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം പേരും.
സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് ശേഷം 20.1 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. മെയ് മാസത്തിലെ 26.1 ശതമാനത്തില്‍ നിന്നും കേരളത്തിന് ചെറിയ രീതിയില്‍ മെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ തൊഴില്‍ പ്രതിസന്ധിയെന്ന് കണക്കുകള്‍ പറയുന്നു.