വിവാദ ഫേസ്ബുക്ക് പോസ്റ്റ്; നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു
വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. കേസെടുക്കാൻ നിയമപരമായ വകുപ്പുകളില്ലെന്ന് കണ്ടെത്തിയതിനാലാണ് വിട്ടയച്ചത്. ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത് ഒരു കവിതയാണെന്ന് വിനായകൻ വ്യക്തമാക്കി. വിഎസ് അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് വിനായകനെ വിളിച്ചുവരുത്തിയത്.
നടന്റെ പെരുമാറ്റത്തിനെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായ വിമർശനമുയർത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ തുടർച്ചയായി അശ്ലീലവും അധിക്ഷേപവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന വിനായകൻ ഒരു “പൊതുശല്യം” ആണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. വിനായകനെ സർക്കാർ പിടികൂടി ചികിത്സയ്ക്കയയ്ക്കണമെന്നും, ഇദ്ദേഹം എല്ലാ കലാകാരന്മാർക്കും അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
“എല്ലാത്തിനും പിന്നിൽ ലഹരിയാണ്” എന്നാണ് ഷിയാസിന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ അടൂർ ഗോപാലകൃഷ്ണനും ഗായകൻ യേശുദാസിനെയും വിനായകൻ അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. പിന്നീട് എല്ലാ വിവാദങ്ങൾക്കും ക്ഷമ ചോദിച്ച് ഒരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിക്കുന്ന മറ്റൊരു പോസ്റ്റും ഇട്ടു. ഇത് വീണ്ടും വിവാദമായ സാഹചര്യത്തിലാണ് ഇന്ന് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്.
Tag: Controversial Facebook post; Actor Vinayakan questioned by Kochi Cyber Police and released