സർക്കാർ ജീവനക്കാരിലെ ക്രിമിനലുകളെ രക്ഷിക്കാൻ ഡിജിപി ബെഹ്റയുടെ വിവാദ ഉത്തരവ്.

തിരുവനന്തപുരം / സർക്കാർ ജീവനക്കാരെ ക്രിമിനൽ കേസുകളിൽ നിന്ന് രക്ഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിവാദ ഉത്തരവ്. സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നും അവർക്കു പറയാനുള്ളത് കേൾക്കണമെന്നും പറയുന്ന വിവാദ ഉത്തരവിൽ കേന്ദ്ര–സംസ്ഥാന–പൊതുമേഖലാ ജീവനക്കാർക്കെല്ലാം നിർദേശം ബാധകമാണെന്ന് കൂടി പറഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. പൊലീസ് നിയമഭേദഗതിക്ക് പുറമെ നിയമപരമായ പിശകുകളെത്തുടർന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് ഇറക്കിയ നിരവധി സർക്കുലറുകൾ അടുത്തകാലത്ത് പിൻവലിക്കേണ്ടി വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി ബെഹ്റയുടെ പുതിയ ഉത്തരവ് കൂടി വന്നിരിക്കുന്നത്.
പുതിയ ഉത്തരവ് വഴി സർക്കാർ ജീവനക്കാർക്കും, ഉദ്യോഗസ്ഥർക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ അട്ടിമറിക്കപ്പെടുമെന്ന സംശയം വർധിപ്പിക്കുന്നതിനൊപ്പം ചില ഉന്നത ഉദ്യോഗസ്ഥർമാരെ ഉൾപ്പടെ നിയമത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഈ ഉത്തരവ് കൊണ്ട് വന്നിട്ടുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആരെയൊക്കെയോ രക്ഷിക്കാൻ വേണ്ടിയുള്ളതാണ് ഈ വിവാദ ഉത്തരവ് എന്ന സംശയമാണ് ഇവിടെ ബലപ്പെടുന്നത്. ഒരു സംസ്ഥാനത്തെ ഡി ജി പി ക്ക് ഉള്ള അധികാരവകാശ പരിധികൾക്കപ്പുറത്തേക്ക് കണക്കുന്ന സർക്കുലറിൽ നിർദേശങ്ങൾ നിയമവിരുദ്ധമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
കൃത്യമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ സർക്കാർ ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുകൾ പെട്ടെന്നു റജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കുന്നതെന്ന വിശദീകരണമാണ് സർക്കുലറിനെ പറ്റി ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. ‘ചില സാഹചര്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥൻ തെറ്റല്ലാത്ത, നിയമവിരുദ്ധമല്ലാത്ത, വ്യക്തി താൽപര്യമില്ലാത്ത തീരുമാനങ്ങളെടുത്തിട്ടുണ്ടാകാം. അത് മറ്റുള്ളവരെ ബാധിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിന്റെ പേരിൽ കേസെടുത്താൽ വ്യക്തിഹത്യയ്ക്കുപരി അയാളുടെ സർവീസിനെ ബാധിക്കും. മാത്രമല്ല ഭരണപരമായ കാര്യങ്ങളിലും തടസ്സമുണ്ടാകും’ എന്നാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്.
അഴിമതി നിരോധന നിയമം, കുടുംബപ്രശ്നങ്ങൾ, വ്യാപാര ഇടപാടുകൾ തുടങ്ങിയവ ഒഴികെ, മറ്റു കേസുകളാണെങ്കിൽ സിആർപിസി സെക്‌ഷൻ 154 അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥനു കേസെടുക്കാതിരിക്കാനാകില്ല. ക്രിമിനൽ കേസുകളാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സംരക്ഷണവും ലഭിക്കില്ല. ഓഫിസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഘട്ടത്തിൽ മാത്രമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് സിആർപിസി സെക്‌ഷൻ 197 അനുസരിച്ച് സംരക്ഷണം ലഭിക്കുന്നതെന്നും, കേസെടുക്കുന്നതിൽ നിന്നും സംരക്ഷണമില്ലെന്നും നിയമവിദഗ്ധർ ഇക്കാര്യത്തിൽ അടിവരയിട്ടു പറയുമ്പോഴാണ് ഡി ജി പി യുടെ പുതിയ ഉത്തരവ്. സിആർപിസി സെക്‌ഷൻ 197 അനുസരിച്ചുള്ള സംരക്ഷണം പൊതുമേഖലാ ജീവനക്കാർക്ക് ബാധകമല്ലെന്നിരിക്കെ ഡിജിപിയുടെ സർക്കുലർ നിയമപരമായി നിലനിൽക്കില്ലെന്നു തന്നെയാണ് നിയമ വിദഗ്ധരും, മുതിർന്ന ഉദ്യോഗസ്ഥരും പറയുന്നത്.