CinemaentertainmentkeralaKerala NewsLatest News

”തെറ്റായ വ്യാഖ്യാനങ്ങൾക്കാണ് വിവാദം ഉണ്ടാകുന്നത്, ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ല” ; അടൂർ ​ഗോപാലകൃഷ്ണൻ

സിനിമാ കോൺക്ലേവിൽ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സർക്കാർ ഫണ്ടിൽ നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും പരിശീലനം നിർബന്ധമാണെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങൾക്കാണ് വിവാദം ഉണ്ടാകുന്നതെന്നും, താൻ ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അടൂർ വ്യക്തമാക്കി.

“ഏത് സമയത്തും ഞാൻ ദളിതരെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ പരമാവധി ക്ഷമാപണം ചെയ്യും. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങൾക്കു ഞാൻ ഉത്തരവാദിയല്ല,” അടൂർ വ്യക്തമാക്കി.

ട്രെയിനിംഗ് നിർബന്ധമാക്കണമെന്ന് പറഞ്ഞതാണ് പലർക്കും അംഗീകരിക്കാനായില്ലെന്നും, അറിവുകേടാണ് അതിനെതിരെ പ്രതികരിക്കാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സിനിമ ഒരു ജീവിതകാലം മുഴുവൻ പഠിച്ചുകൊണ്ടിരിക്കുന്ന കലാരൂപമാണ്. യാതൊരു മുൻപരിചയവുമില്ലാതെ ആദ്യമായി സിനിമ എടുക്കുന്നവർക്ക് സർക്കാർ ധനസഹായം നൽകുന്നു. അങ്ങനെ ചെയ്യുമ്പോൾ, കുറഞ്ഞത് മൂന്ന് മാസത്തെ ഓറിയന്റേഷൻ നൽകി അവരെ തയ്യാറാക്കണം. കവിതയോ കഥയോ എഴുതാൻ അക്ഷരജ്ഞാനം വേണ്ടതുപോലെ, സിനിമയ്ക്കും അറിവ് ആവശ്യമാണ്. നടീനടന്മാർ വന്ന് അഭിനയിച്ചാൽ സിനിമ ആകും എന്നു കരുതുന്നത് തെറ്റാണ്. സാങ്കേതികവും കലാപരവുമായ നിരവധി ഘടകങ്ങൾ സിനിമയിൽ ഉൾപ്പെടുന്നു. അവയെക്കുറിച്ച് നല്ല ധാരണ ഉണ്ടാകണം,” അടൂർ വിശദീകരിച്ചു.

സർക്കാർ ഫിനാൻസ് ചെയ്യുന്ന സിനിമകൾ സാമൂഹ്യ പ്രസക്തിയുള്ളതും, സൗന്ദര്യശാസ്ത്രപരവും സാങ്കേതികമായും മികവുറ്റതുമായിരിക്കണമെന്ന് അടൂർ ആവശ്യപ്പെട്ടു. “സിനിമ നിർമ്മിക്കുന്നവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഒരു ചിത്രം എടുത്ത് അപ്രത്യക്ഷമാകാതെ, അവർ രംഗത്ത് തുടരേണ്ടതാണ്. സ്ത്രീകളും പട്ടികജാതി-പട്ടികവർഗ്ഗങ്ങളും പഠിച്ച് സിനിമയിൽ തുടരണം. അവരുടെ ഗുണത്തിനും ഉന്നമനത്തിനുമാണ് ഞാൻ പറഞ്ഞത്. അവരെ അധിക്ഷേപിച്ചതായി പറയുന്നത് അർത്ഥശൂന്യമാണ്. വേണ്ടത്ര പ്രോത്സാഹനം നൽകണം,” അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

Tag: “Controversy arises due to misinterpretations, no insults were made to Dalits or women”; Adoor Gopalakrishnan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button