മരണാനന്തര അവയവദാന പദ്ധതി കെ- സോട്ടോയെ സംബന്ധിച്ചുണ്ടായ വിവാദം; ആരോപണങ്ങളെ ശരിവച്ച് കണക്കുകൾ
മരണാനന്തര അവയവദാന പദ്ധതി കെ- സോട്ടോയെ സംബന്ധിച്ചുണ്ടായ വിവാദത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് ഉന്നയിച്ച ആരോപണങ്ങളെ കണക്കുകൾ തന്നെ ശരിവയ്ക്കുന്നുവെന്നാണ് കണ്ടെത്തൽ.
കെ-സോട്ടോ പദ്ധതി രൂപീകരിച്ചതിനു ശേഷം സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇതുവരെ 389 മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം സ്ഥിരീകരിച്ച 11 മസ്തിഷ്ക മരണങ്ങളിൽ 10 എണ്ണം സ്വകാര്യ ആശുപത്രികളിൽ നിന്നുള്ളവയാണ്.
389 കേസുകളിൽ 251 എണ്ണം ആദ്യ അഞ്ച് വർഷത്തിനുള്ളിൽ സ്ഥിരീകരിക്കപ്പെട്ടപ്പോൾ, പിന്നീടുള്ള എട്ടര വർഷം കൊണ്ട് വെറും 138 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിലൂടെ മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ വലിയ ഇടിവുണ്ടായതായി വ്യക്തമാകുന്നു. കൂടാതെ സ്വകാര്യ ആശുപത്രികളിലാണ് ഇപ്പോൾ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ഡോക്ടർമാർക്ക് നിയമപരമായ പ്രതിസന്ധികൾ നേരിടേണ്ടിവരുമോ എന്ന ആശങ്ക കാരണമാണ് പലരും ഇതിൽ നിന്ന് പിന്മാറുന്നതെന്ന് കെ-സോട്ടോ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.
അതേ സമയം, സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് തുടരുന്നു. കെ-സോട്ടോ പദ്ധതി പരാജയമാണെന്ന് സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞതിന് പിന്നാലെ ഡോ. മോഹൻദാസിന് ആരോഗ്യവകുപ്പ് മെമ്മോ നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ മുഖേന കൈമാറിയ മെമ്മോയിൽ, വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുവേദിയിൽ പങ്കുവയ്ക്കാതെ ബന്ധപ്പെട്ട അധികാരികളെ നേരിട്ട് അറിയിക്കണം എന്നായിരുന്നു നിർദേശം. ഇതിന് മറുപടിയായി ഡോ. മോഹൻദാസ്, സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രതികരണങ്ങൾ ഇനി നടത്തില്ലെന്ന് ഉറപ്പു നൽകി.
Tag: Controversy over K-Soto’s posthumous organ donation scheme; figures support allegations