Kerala NewsLatest NewsUncategorized

തലസ്ഥാനത്ത് ഗസ്റ്റ് ഹൗസ് നിർമ്മാണത്തിന് വൻതണൽമരങ്ങൾ മുറിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഗസ്റ്റ് ഹൗസ് നിർമിക്കുന്നതിനുവേണ്ടി വൻതണൽമരങ്ങൾ മുറിച്ചുമാറ്റുന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ശിലാസ്ഥാപന ചടങ്ങ് മാറ്റിവെച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ഇടപെടലിനെ തുടർന്നാണിത്. മരങ്ങൾ മുറിച്ചുമാറ്റാനുള്ള തീരുമാനം വിവാദമായിരുന്നു.

പൂജപ്പുരയിൽ ഗവൺമെന്റ് യു.പി സ്‌കൂളിനും വിക്‌ടേഴ്‌സിനും ഇടയിലാണ് എസ്.സി.ഇ.ആർ.ടിക്ക് പുതിയ ഗസ്റ്റ് ഹൗസ് നിർമിക്കാൻ തീരുമാനിച്ചത്. തണലേകുന്ന നിരവധി വൻ മരങ്ങൾ വെട്ടിമാറ്റി കെട്ടിടം നിർമിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് പരിസ്ഥിതി പ്രവർത്തകരുടേയും നാട്ടുകാരുടേയും ഭാഗത്തു നിന്ന് ഉയർന്നത്. നഗരത്തിനുള്ളിൽ അപൂർവമായി കാണുന്ന തുറന്നയിടം കൂടിയായ സ്ഥലം നശിപ്പിക്കാനുള്ള നീക്കമാണെന്നും ആക്ഷേപം ഉയർന്നു.

മുമ്പ് കൈറ്റിന് കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചെങ്കിലും ഓപ്പൺ പാർക്കായി മാറ്റാനായിരുന്നു തീരുമാനം. എസ്.സി.ഇ.ആർ.ടിക്ക് ഇപ്പോഴുള്ള ബഹുനില കെട്ടിടം പോലും പൂർണമായും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ കെട്ടിട നിർമാണം വിവാദത്തിലായി. തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വിഷയത്തിലിടപെട്ടത്. ശിലാസ്ഥാപന ചടങ്ങ് മാറ്റിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. വിശദമായ ചർച്ചയ്ക്ക് ശേഷം കെട്ടിട നിർമാണത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button