keralaKerala NewsLatest News

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം; പ്രതിഷേധം ശക്തമാക്കി ബിജെപി

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് സ്വീകരിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇത് അവരുടെ ആഭ്യന്തര വിഷയമല്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെച്ചത് മാത്രം കൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. കോണ്‍ഗ്രസിന് വേണ്ടാത്ത സാധനങ്ങള്‍ വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയല്ല പാലക്കാടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയായിരുന്നു രാഹുലിന്റെ രാജി. മോശമായ പെരുമാറ്റവും അശ്ലീല സന്ദേശങ്ങളും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിപ്പുമാണ് റിനി ആരോപിച്ചത്. തനിക്ക് ലഭിച്ച മോശം അനുഭവത്തെക്കുറിച്ച് പാര്‍ട്ടിയില്‍ തന്നെ പലരോടും പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ തന്നെയാണോ ആ നേതാവ് എന്ന് വ്യക്തമാക്കാന്‍ റിനി വിസമ്മതിച്ചെങ്കിലും, പിന്നീട് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നു. തുടര്‍ന്ന് എഴുത്തുകാരി ഹണി ഭാസ്കറും രാഹുലിനെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തി.

കേസിനെച്ചൊല്ലിയ വിവാദം ശക്തമാകുമ്പോള്‍, രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതായി ആരോപിക്കുന്ന ഫോണ്‍ സംഭാഷണവും സ്ത്രീകള്‍ക്ക് അയച്ച സ്വകാര്യ സന്ദേശങ്ങളും പുറത്ത് വന്നു. കൊച്ചിയിലെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരകളുടെ ഔദ്യോഗിക പരാതികള്‍ക്കായി ഇപ്പോള്‍ പൊലീസ് കാത്തിരിക്കുകയാണ്. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.

Tag: Controversy over Rahul makoottathil ; BJP intensifies protests, prasahanth sivan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button