Sports

കോപ്പ അമേരിക്കയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; ആദ്യ പോരാട്ടം ബ്രസീലും വെനസ്വേലയും തമ്മില്‍

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. തിങ്കളാഴ്ച പുലര്‍ച്ചെ 2:30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും. ടൂര്‍ണമെന്റില്‍ പത്താം കിരീടമാണ് സാംബതാളക്കാരുടെ ലക്ഷ്യം.

അര്‍ജന്റീനയിലും കൊളംബിയയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്ന 47മത് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന്‍ടെ ആതിഥേയത്വം അപ്രതീക്ഷിത സാഹചര്യത്തെ തുടര്‍ന്നാണ് വീണ്ടും ബ്രസീലിന് ലഭിച്ചത്. ഈ മാസം 14ന് പുലര്‍ച്ചെ 2:30 ന് ബ്രസീല്‍ – വെനസ്വേല മത്സരത്തോടെ ടൂര്‍ണമെന്‍റില്‍ പന്തുരുളും.

2 ഗ്രൂപ്പുകളിലായി ആകെ 10 ടീമുകള്‍ പങ്കെടുക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ ബ്രസീല്‍ എ ഗ്രൂപ്പിലും അര്‍ജന്റീന ബി ഗ്രൂപ്പിലുമാണ്. ലോകപ്രശസ്തമായ മാറക്കാന സ്റ്റേഡിയം, ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയം എന്നിവ ഉള്‍പ്പെടെ 4 വേദികളിലാണ് ടൂര്‍ണമെന്‍റ് നടക്കുക.ജൂണ്‍ 19ന് പുലര്‍ച്ചെ 5.30നാണ് മെസിയും സുവാറസും നേര്‍ക്ക് നേര്‍ വരുന്ന അര്‍ജന്‍റീന – ഉറുഗ്വായ് പോരാട്ടം. രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി നാല് വീതം ടീമുകള്‍ ക്വാര്‍ട്ടറിലെത്തും.

ജൂലൈ 3 നും നാലിനും ക്വാര്‍ട്ടര്‍ ഫൈനലുകളും ആറിനും ഏഴിനും സെമി ഫൈനലുകളും നടക്കും. ജൂലൈ 11 ന് പുലര്‍ച്ചെ 5:30ന് മാറക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍.2015, 2016 ടൂര്‍ണമെന്‍റുകളില്‍ ഫൈനല്‍ വരെയെത്തി പരാജയം രുചിച്ച ലയണല്‍ മെസിയുടെ അര്‍ജന്റീന കപ്പെടുക്കാന്‍ ഉറച്ചാണ് ഇക്കുറി ഒരുങ്ങുന്നത്.2019 ല്‍ നടന്ന കോപ്പയില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു ആല്‍ബിസെലസ്റ്റകള്‍. ആകെ 14 തവണയാണ് അര്‍ജന്‍റീന കിരീടം നേടിയത്.

15 തവണ ജേതാക്കളായ ഉറുഗ്വെയാണ് കിരീട നേട്ടത്തില്‍ ഒന്നാമത്. ടിറ്റെ പരിശീലകനായ ബ്രസീല്‍ ടീമില്‍ പ്രതിഭകളുടെ നിര തന്നെ ഉണ്ട്. കിരീടം നിലനിര്‍ത്താന്‍ ഉറച്ചാണ് കനറികളുടെ പടയൊരുക്കം. ആതിഥേയര്‍ തന്നെ കിരീട ജേതാക്കളാകുന്നതാണ് കോപ്പയുടെ ചരിത്രം.ഇത്തവണ അതിനു മാറ്റമുണ്ടാകുമോയെന്നറിയുന്നതിനായാണ് ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button