അച്ഛന്റെ നേര്‍ച്ച പൂര്‍ത്തിയായി; പത്ത് വയസ് പൂര്‍ത്തിയാകാന്‍ 7 ദിവസം ബാക്കി നില്‍ക്കെ ഭാഗ്യലക്ഷ്മി മല ചവിട്ടി
പത്തനംതിട്ട: ബാലാവകാശ കമ്മീഷന്റെ സഹായതോടെ ഭാഗ്യലക്ഷ്മിയുടെ അയ്യപ്പദര്‍ശനം സഫലമായി. പത്ത് വയസ് പൂര്‍ത്തിയാകാന്‍ 7 ദിവസം ബാക്കിനില്‍ക്കെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഭാഗ്യലക്ഷ്മിക്ക് ആചാരപ്രകാരം ശബരിമല ദര്‍ശനം സാധ്യമായി.
ഇരുമുടി കെട്ടുമായി പിതാവിനൊപ്പം ഭാഗ്യലക്ഷ്മി പതിനെട്ടാം പടി കയറി അയ്യപ്പസന്നിധിയില്‍ എത്തി. പത്ത് വയസ്സ് കഴിഞ്ഞാല്‍ ആചാരപ്രകാരം കുട്ടികള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി ഇല്ല. അതേസമയം 10 വയസ്സ് തികയും മുന്‍പ് മകളെയും കൂട്ടി ഇരുമുടി കെട്ടുമേന്തി ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് പിതാവ് ചെങ്ങന്നൂര്‍ ആലാ കണ്ടത്തില്‍ അജിത് കുമാര്‍ നേര്‍ച്ച നേര്‍ന്നിരുന്നു.
പ്രതീക്ഷിക്കാതെത്തിയ കോവിഡില്‍ നിയന്ത്രണത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയയോടെ അജിത് കുമാറിന്റെ വേവലാതി കൂടി. പത്ത് വയസ് പൂര്‍ത്തിയാകാന്‍ 7 ദിവസം ബാക്കി നില്‍ക്കെ ശബരി മല ദര്‍ശനം നടത്തുന്നതെങ്ങനെ എന്ന ആലോചനയിലായി പിന്നീട് ഭാഗ്യലക്ഷ്മിയുടെ പിതാവ്. കര്‍ക്കടക മാസ പൂജയ്ക്കായി നടതുറന്ന ശബരിമലയില്‍ കോവിഡ് നിയന്ത്രണത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങിലൂടെ മാത്രമേ ദര്‍ശനത്തിന് അനുമതി ലഭിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് തനിക്കും മകള്‍ക്കുമായി അജിത് കുമാര്‍ വെര്‍ച്യല്‍ ബുക്കിങ് നടത്തി എന്നാല്‍ അജിത് കുമാറിന് മാത്രമാണ് ദര്‍ശനാനുമതി ലഭിച്ചത്.
ഇതോടെ അച്ഛനും മകള്‍ക്കും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. വിശ്വാസ പ്രകാരം നിലവിലെ സാഹചര്യത്തില്‍ മകള്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാകാതെ വരും എന്ന് മനസ്സിലാക്കിയ അജിത് കുമാര്‍ സഹായത്തിന് ബാലാവകാശ കമ്മീഷനുമുന്നില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം നടപ്പിലാക്കാന്‍ കഴിയില്ലന്ന രീതിയിലായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. അതേസമയം കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയാണെങ്കില്‍ മലചവിട്ടാം എന്ന് നിര്‍ദേശവും നല്‍കി.
മലചവിട്ടാന്‍ കുട്ടികള്‍ക്ക് പ്രായപരിധി ഉള്ളതിനാലും സമാന കേസില്‍ ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാലും ഭാഗ്യലക്ഷ്മിക്ക് മലചവിട്ടാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. ദര്‍ശനം നടത്താന്‍ അനുമതി കിട്ടിയെങ്കിലും പമ്പാ സ്‌നാനം, നീലിമല, അപ്പച്ചി മേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടുത്തെ ആചാരപരമായ വഴിപാടുകളിലും പങ്കെടുക്കാന്‍ ഭാഗ്യലക്ഷ്മിക്ക് സാധിച്ചില്ല. എന്നാലും അയ്യപ്പ ദര്‍ശനം നടത്താന്‍ സാധിച്ചതിലും അച്ഛന്റെ നേര്‍ച്ച സഫലമായതിലും സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മി.