അവസരം നിഷേധിച്ചതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്,ആർ.എൽ.വി രാമകൃഷ്ണന്റെ മൊഴി പുറത്ത്

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്‍ക്ക് ശ്രമിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഉറക്കഗുളികകൾ കഴിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന രാമൃഷ്ണന്റെ മൊഴി പോലിസ് രേഖപ്പെടുത്തി.മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ പൊലീസിനോട് പറഞ്ഞു. ആരുടെ പേരും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികളുണ്ടാവുകയുള്ളൂവെന്ന് ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ. സന്തോഷ്‌കുമാർ, എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് എന്നിവർ പറഞ്ഞു.
ശനിയാഴ്ച രാത്രി ചാലക്കുടി ചേനത്തുനാടുള്ള കലാഗൃഹത്തിൽ അബോധാവസ്ഥയിൽ രാമകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ചുവെന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറോട് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അക്കാദമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിതയുടെ പ്രതികരണം.