ബിജെപിയിലേക്ക് താൻ ഇല്ലെന്ന് സച്ചിൻ പൈലറ്റ്, പ്രചരിപ്പിക്കുന്നത് കുപ്രചരങ്ങൾ മാത്രം.

ബിജെപിയിലേക്ക് താൻ ഇല്ലെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സച്ചിൻ പൈലറ്റ്. താൻ ബി ജെ പി യിലേക്ക് പോകുന്നതായി പറയുന്നത് കുപ്രചരങ്ങൾ മാത്രമാണ്. തനിക്കെതിരെ ചില നേതാക്കൾ കള്ളപ്രചാരണം നടത്തുന്നുണ്ട്. തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും താൻ ഇപ്പോഴും കോൺഗ്രസ് അംഗമാണെന്നും പൈലറ്റ് പറഞ്ഞു. ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ല. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സച്ചിൻ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയർത്തിയ സച്ചിൻ പൈലറ്റിനെതിരെ ചൊവ്വാഴ്ചയാണ് കോൺഗ്രസ് നടപടിയെടുത്തത്. സച്ചിനുമായി അടുത്ത ബന്ധം പുലർത്തുന്ന രണ്ട് മന്ത്രിമാരെയും നീക്കം ചെയ്തിരുന്നു.
രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവരാൻ താൻ കഠിനപ്രയത്നം നടത്തിയിട്ടുണ്ടെന്നു പറഞ്ഞ സച്ചിൻ രാജസ്ഥാനിലെ ചില നേതാക്കളാണ് താൻ ബിജെപിയിൽ ചേരുമെന്നു പ്രചാരണം നടത്തുന്നതെന്നാണ് പറഞ്ഞത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ ഡൽഹിയിൽ ക്യാംപ് ചെയ്യുന്ന സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തിന്‍റെ അനുകൂലികളായ മറ്റു രണ്ടു മന്ത്രിമാരെയും ചൊവ്വാഴ്ച രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിസഭയിൽ നിന്നു പുറത്താക്കിയിരുന്നു. രാജസ്ഥാൻ പിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സച്ചിനെ മാറ്റിയിരിക്കുകയാണ്. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് സച്ചിനും മറ്റു 18 പേർക്കും കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്തായതായി കണക്കാക്കുമെന്ന് രാജസ്ഥാനിലെ പാർട്ടി ചുമതലയുള്ള അവിനാശ് പാണ്ഡെ പറഞ്ഞിരുന്നു.