Latest NewsNationalNewsUncategorized

റെംഡിസിവറിൻ്റെ പേരിൽ വ്യാജമരുന്ന് കുത്തിവെച്ചു,കൊറോണ രോഗി മരിച്ചു; നാലു പേർ അറസ്റ്റിൽ

മുംബൈ: റെംഡിസിവർ എന്ന പേരിൽ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് കൊറോണ രോഗി മരിച്ചു. ബാരാമതിയിലെ ഗോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യാദവ് എന്ന രോഗിയാണ് മരിച്ചത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെംഡിസിവർ എന്ന പേരിൽ മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയിൽ ഇവർ പാരസെറ്റാമോൾ നിറച്ച് കുത്തിവെപ്പ് നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.

കൊറോണ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ദിലീപ് ഗ്യാൻ ദേവ്, സന്ദീപ് സഞ്ജയ്, പ്രശാന്ത് സിദ്ധേശ്വർ, ശങ്കർ ദാദാ എന്നിവരാണ് അറസ്റ്റിലായത്. ഈ സംഘത്തിലെ സന്ദീപ് ആശുപത്രിയിൽ പോയി റെംഡിസിവറിന്റെ
ഉപയോഗിച്ച ശേഷമുള്ള ഒഴിഞ്ഞ കുപ്പികൾ ശേഖരിക്കാറുണ്ടായിരുന്നു. ഈ കുപ്പികൾ കൊണ്ടുവന്ന് അവയിൽ പാരസെറ്റമോൾ നിറയ്ക്കുകയും കൊറോണ രോഗികൾക്ക് വൻ തുകയ്ക്ക് കുത്തിവെപ്പ് നടത്തുകയുമായിരുന്നു. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ദിലീപാണ് സംഘ തലവൻ.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ഇയാളോട് രോഗികളുടെ ബന്ധുക്കൾ കൊറോണയുടെ പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ചോദിക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യമാണ് സംഘം മുതലെടുത്തത്. തന്നോട് മരുന്നിനെക്കുറിച്ച് ”ചോദിക്കുന്ന ബന്ധുക്കൾക്ക് കൊറോണ പ്രതിരോധ മരുന്നെന്ന വ്യാജേന പാരസെറ്റമോൾ നൽകുകയായിരുന്നു. ഈ രീതിയിൽ ഇവർ 35,000 രൂപ വരെ നേടിയെന്നാണ് പോലീസ് പറയുന്ന വിവരം.

കുത്തിവെച്ച രോഗി മരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് നാലു പേരെയും കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് ഇൻസ്‌പെക്ടർ മഹേഷ് ധവാൻ അറിയിച്ചു. സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും എത്ര പേർക്ക് സംഘം വ്യാജ മരുന്നുകൾ നൽകിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button