CovidHealthLatest NewsNationalUncategorized

കൊറോണ ബാധിതരിലെ അപൂർവ ഫംഗസ് ബാധ; കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി

ന്യൂ ഡെൽഹി: കൊറോണ ബാധിതരിൽ അപൂർവമായി കണ്ടുവരുന്ന ‘മ്യൂക്കോർമൈക്കോസിസ്’ എന്ന ബ്ലാക്ക് ഫംഗസ് ബാധയെക്കുറിച്ച്‌ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. യഥാസമയം കണ്ടെത്തി ചികിത്സ നടത്തിയില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. ഈ സാഹചര്യത്തിൽ രോഗനിർണയം, ലക്ഷണങ്ങൾ, ചികിത്സ എന്നിവയടങ്ങിയ മാർഗനിർദേശങ്ങളാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയത്. മഹാരാഷ്ട്രയിൽ ഫംഗസ് ബാധയെത്തുടർന്ന് കഴിഞ്ഞ ദിവസം എട്ടുപേർ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് കേന്ദ്ര മാർഗനിർദേശം പുറത്തിറക്കിയത്.

കൊറോണ ബാധിതരായ പ്രമേഹരോഗികളിലും ഏറെനാൾ ഐസിയു വാസം അനുഭവിച്ചവരിലുമാണ് ഫംഗസ് ബാധ കണ്ടുവരുന്നത്. കൊറോണ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കൊറോണ രോഗികളിൽ രോഗം പിടിപെടാൻ കാരണമാകുന്നത്.

കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛർദിക്കൽ, മാനസിക അസ്ഥിരത എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രമേഹരോഗികളായ കൊറോണ ബാധിതരിൽ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തിൽ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചർമത്തിൽ ക്ഷതം, രക്തം കട്ടപ്പിടിക്കൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

രോഗ പ്രതിരോധത്തിനായി കൊറോണ മുക്തമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മാത്രം നൽകുക, ഓക്‌സിജൻ തെറാപ്പിയിൽ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്‌സും ആന്റി ഫംഗൽ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു. പ്രമേഹം നിയന്ത്രിച്ചും പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും നിർദേശത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button