സീറ്റ് നൽകാത്തതിൽ പ്രതിഷേധം; തമിഴ്നാട്ടിൽ മുൻ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കൾ തെരുവിലിറങ്ങി

ചെന്നൈ: തമിഴ്നാട്ടിൽ മുൻ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കൾ, സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി. സിറ്റിങ് സീറ്റുകളിൽ പോലും ബിജെപിക്ക് കൂടുതൽ പരിഗണന നൽകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സീറ്റ് നിഷേധിച്ച സിറ്റിങ് എംഎൽഎമാരെ ഒരുമിപ്പിച്ച് പുതിയ മുന്നണി രൂപീകരിക്കാൻ ദിനകരൻ നീക്കം തുടങ്ങി.
മൂന്ന് മന്ത്രിമാർ അടക്കം 49 സിറ്റിങ് എംഎൽഎമാർക്കാണ് അണ്ണാഡിഎംകെ സീറ്റ് നിഷേധിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന രാമനാഥപുരം, ശിവഗംഗ ഉൾപ്പടെ 20 സീറ്റുകൾ ബിജെപിക്ക് നൽകി. മുൻ മന്ത്രിമാരുടെ സ്ഥാനാർത്ഥി പട്ടിക വെട്ടിയാണ് ഇപിഎസ് ഒപിഎസ് നേതൃത്വം സീറ്റ് ബിജെപിക്ക് അനുവദിച്ചത്. പാർട്ടിക്ക് വേണ്ടി താഴെ തട്ടിൽ പ്രവർത്തിച്ച നേതാക്കളെ അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിറ്റിങ് എംഎൽഎ രാജവർമ്മൻ ടി ടി വി ദിനകരൻറെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ ചേർന്നു. എസ് പ്രഭു, കൈലശെൽവൻ, രത്നസഭാപതി തുടങ്ങി അണ്ണാഡിഎംകെയിലെ മുതിർന്ന എംഎൽഎമാരുമായി ദിനകരൻ ചർച്ച നടത്തി. ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ ദിനകരൻ അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കോവിൽപാട്ടിയിൽ നിന്നാണ് ജനവിധി തേടുന്നത്. അണ്ണാഡിഎംകെയെ പിളർത്തി ഇപിഎസ് ഒപിഎസ് നേതൃത്വത്തിൻറെ പതനം ഉറപ്പുവരുത്തുമെന്ന അവകാശവാദത്തിലാണ് പ്രചാരണം.