ആംബുലൻസ് കിട്ടാനില്ല; കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി യുവാക്കൾ
ശ്രീകാകുളം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മകനും മരുമകനും ചേർന്ന് മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയത് ബൈക്കിൽ. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്താണ് ദാരുണമായ ഈ സംഭവം. അൻപത് വയസുകാരിയായ വീട്ടമ്മയ്‌ക്ക് കൊവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വൈകാതെ നില ഗുരുതരമാകുകയും മരണമടയുകയുമായിരുന്നു.
ശ്രീകാകുളത്തെ മണ്ഡസ മണ്ഡൽ ഗ്രാമനിവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ മകനും മരുമകനും ആംബുലൻസോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കുമോയെന്ന് അന്വേഷിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും വണ്ടി ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും മൃതദേഹം ശ്‌മശാനത്തിലേക്ക് ബൈക്കിൽ കയറ്റി പോകുകയായിരുന്നു.
കഴിഞ്ഞ വർഷം കൊവിഡ് രൂക്ഷമായ സമയത്ത് ആന്ധ്രാ പ്രദേശ് സർക്കാർ 104 മെഡിക്കൽ യൂണിറ്റുകളും 1088 ആംബുലൻസുകളും പുറത്തിറക്കിയിരുന്നു. എന്നിട്ടും ഇത്തരം ദാരുണ സംഭവങ്ങൾ സംസ്ഥാനത്ത് തുടരുകയാണ്.