കൊറോണ രണ്ടാം തരംഗത്തിൽ രാജ്യത്തിന് നഷ്ടമായത് 269 ഡോക്ടർമാരെ: ഐഎംഎ
ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ കൊറോണ മൂലം നഷ്ടമായ ഡോക്ടർമാർ 269 പേരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊറോണ രണ്ടാം തരംഗത്തിലാണ് ഇത്രയധികം ഡോക്ടർമാർ മരണപ്പെട്ടത്.
സംസ്ഥാനം തോറുമുള്ള കണക്കാണ് ഐഎംഎ പുറത്തുവിട്ടിരിക്കുന്നത്. ഉത്തർ പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടർമാർ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്.
ബിഹാറിൽ 78 ഡോക്ടർമാരും ഉത്തർ പ്രദേശിൽ 37 ഡോക്ടർമാരും കോറോണയ്ക്ക് ഇരയായി. രണ്ടാം തരംഗം സാരമായി വലച്ച ഡെൽഹിയിൽ 28 ഡോക്ടർമാരാണ് മരിച്ചത്. കഴിഞ്ഞ വർഷത്തെ കൊറോണ ആദ്യ തരംഗത്തിൽ 748 ഡോക്ടർമാരാണ് മരിച്ചതെന്നും ഐഎംഎയുടെ കണക്ക് വിശദമാക്കുന്നു. ആയിരത്തോളം ഡോക്ടർമാരാണ് രാജ്യത്തിന് നഷ്ടമായതെന്ന് പറയുന്ന ഐഎംഎ ശരിക്കുള്ള കണക്ക് ഇതിലധികമാണെന്നാണ് നിരീക്ഷിക്കുന്നത്.
അസോസിയേഷനിൽ അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും ഇന്ത്യയിൽ 12 ലക്ഷത്തോളം ഡോക്ടർമാരുണ്ടെ ന്നുമാണ് ഐഎംഎയുടെ നിരീക്ഷണം. രാജ്യത്തെ ആരോഗ്യ പ്രവർത്തകരിൽ 66 ശതമാനം ആളുകൾക്ക് മാത്രമാണ് വാക്സിൻ വിതരണം പൂർണമായതെന്നും ഐഎംഎ പറയുന്നു.